കൊച്ചി : (piravomnews.in) കെറ്റാമെലോൺ ഡാർക്ക്‌നെറ്റ് മയക്കുമരുന്ന് ശൃംഖലവഴിയുള്ള ലഹരിവിൽപ്പനയിൽ അറസ്റ്റിലായവരെ തിങ്കളാഴ്‌ച കസ്റ്റഡിയിൽ ലഭിച്ചേക്കും.
മൂവാറ്റുപുഴ സ്വദേശി എഡിസൺ, കൂട്ടാളി അരുൺ തോമസ്, മറ്റൊരു കേഅറസ്റ്റിലായ റിസോർട്ട് ഉടമ കെ വി ഡിയോൾ എന്നിവരെയാണ് നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അഞ്ചുദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കസ്റ്റഡി അപേക്ഷയ്‌ക്കൊപ്പം ഡിജിറ്റൽ തെളിവുകളും കൈമാറിയിട്ടുണ്ട്.

മൂന്നുപേരെയും വിശദമായി ചോദ്യംചെയ്യുന്നതോടെ ഡാർക്ക്‌നെറ്റ് വഴിയുള്ള കോടികളുടെ ലഹരിയിടപാടുകൾ, ഇതിനുപിന്നിലുള്ളവർ, ലഹരിയുടെ ഉറവിടങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും. ഇംഗ്ലണ്ടിലെ ഗുംഗദിൻ, യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലുമുള്ളവർ അംഗങ്ങളായ ഡോ. സ്യുസ് ഡാർക്ക്‌നെറ്റ് ശൃംഖലകളെക്കുറിച്ചും നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.
എഡിസണിൽനിന്ന് ലഹരി വാങ്ങിയ ചിലരെ ഇതിനകം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാൾക്ക് വിദേശത്തുനിന്നെത്തിയ പാഴ്‌സലുകളുടെ പൂർണവിവരങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.
എത്രതവണ വിദേശത്തുനിന്ന് പാഴ്‌സൽ എത്തിച്ചെന്നറിയാനും ഇയാൾ ബന്ധം പുലർത്തിയിരുന്ന മറ്റു ഡാർക്ക്‌നെറ്റ് ശൃംഖലകളെക്കുറിച്ചും എൻസിബി അന്വേഷിക്കുന്നുണ്ട്. എൻസിബിയുമായി സഹകരിക്കുന്ന രാജ്യങ്ങളിലെ അന്വേഷണ ഏജൻസികളും എഡിസണുമായി ബന്ധപ്പെട്ട കേസിന്റെ വിവരങ്ങൾ തേടി.
Everything will be revealed; NCB to find ketamine containers
