ആലുവ : (piravomnews.in) ചൂർണിക്കര പഞ്ചായത്തിലെ കുന്നത്തേരി കലുങ്ക് ഭാഗത്ത് റോഡിന് ഇരുവശവും സാമൂഹ്യവിരുദ്ധർ മാലിന്യം തള്ളുന്നതായി പരാതി. ബിഎംബിസി നിലവാരത്തിൽ നവീകരിച്ച റോഡിലും ഇരുവശത്തുമുള്ള പാടങ്ങളിലുമാണ് പ്ലാസ്റ്റിക് കവറിലാക്കിയ മാലിന്യം തള്ളിയത്.
വീതി കുറഞ്ഞ റോഡിൽ ഇരുവശവും മാലിന്യം തള്ളുന്നത് അപകടത്തിന് വഴിയൊരുക്കും. മഴയിൽ ചീഞ്ഞ് റോഡിലൂടെ ഒലിച്ചിറങ്ങുന്ന എണ്ണയുടെ അംശമുള്ള മാലിന്യത്തിൽ ഇരുചക്രവാഹനങ്ങൾ തെന്നിമററിഞ്ഞ് അപകടമുണ്ടാകാൻ സാധ്യതയുണ്ട്.

കൂടാതെ പരിസരപ്രദേശത്തെ കുടിവെള്ളസ്രോതസ്സും മലിനമാകുന്ന അവസ്ഥയാണ് . മഞ്ഞപ്പിത്തം, ഡെങ്കിപ്പനി തുടങ്ങിയ പകർച്ചവ്യാധികളുണ്ടാകാനും സാധ്യത ഏറെയാണ്. വാടകയ്ക്ക് താമസിക്കുന്നവരും കച്ചവടക്കാരുമാണ് മാലിന്യം തള്ളുന്നതെന്നാണ് പ്രദേശവാസികളുടെ പരാതി.
ചൂർണിക്കര, എടത്തല പഞ്ചായത്തുകളുടെ അതിർത്തിപ്രദേശമായ ഇവിടെ സിസിടിവി കാമറ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. രണ്ടു പഞ്ചായത്തുകളിലെയും ഹരിതകർമസേന കൃത്യമായി മാലിന്യനീക്കം നടത്തുമെന്നിരിക്കെ അശ്രദ്ധമായി റോഡിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശനനടപടി ഉണ്ടാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
No matter how much you earn, you won't learn; Protest over dumping garbage on the road
