കളമശേരി : (piravomnews.in) ഫാക്ടിൽനിന്ന് കളമശേരി നോർത്ത് റെയിൽവേ സ്റ്റേഷനുസമീപത്തെ ഗോഡൗണിലേക്ക് വളം കയറ്റിവരുന്ന ലോറികൾക്കുള്ള യു ടേൺ സൗകര്യം അപകടക്കെണിയാകുന്നു.
അടുത്ത കാലത്തായി അപകടങ്ങളിൽ നിരവധി ജീവൻ പൊലിയാൻ യു ടേൺ കാരണമായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.നേരത്തേ എസ്‌സിഎംഎസ് കോളേജിനു സമീപമുണ്ടായിരുന്ന (മെട്രോ പില്ലർ 191നും 192നും ഇടയിൽ) യു ടേൺ നിർത്തലാക്കി പകരം മുട്ടം ഭാഗത്ത് 219, 220 നമ്പർ മെട്രോ പില്ലറുകൾക്കിടയിലെ യു ടേൺ ഉപയോഗിക്കുകയാണ്. ഇവിടെ റോഡിന് മതിയായ വീതിയില്ലാത്തത് അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും കാരണമാകുന്നു.

ഫാക്ടിൽനിന്ന് ദിവസേന 35 ലോറികളാണ് ഗോഡൗണിലേക്ക് ഓടിക്കൊണ്ടിരിക്കുന്നത്. ഓരോ ലോറിയും മൂന്നു ട്രിപ്പ് വീതം ഓടും. മുട്ടം ഭാഗത്ത് വലിയ ലോറികൾ യു ടേൺ എടുക്കുമ്പോൾ പലപ്പോഴും റിവേഴ്സ് എടുക്കേണ്ടതായി വരും.
ഈ സമയത്ത് ഗതാഗതസ്തംഭനമുണ്ടാകും. കൂടാതെ ഇരുചക്രവാഹനങ്ങളും കാറുകളും ഉൾപ്പെടെ ഒരേസമയം നിരവധി വാഹനങ്ങളാണ് ഇരു ഭാഗത്തേക്കും ഇവിടെനിന്ന് തിരിയുന്നത്.മുമ്പ് എസ്‌സിഎംഎസിന് മുൻവശത്ത് യു ടേൺ സൗകര്യമുണ്ടായിരുന്നപ്പോൾ ഒറ്റയടിക്ക് ലോറി തിരിച്ചെടുക്കാൻ ആവശ്യമായ വീതി റോഡിനുണ്ടായിരുന്നു.
രണ്ടുവർഷംമുമ്പ് യു ടേൺ മാറ്റിയതാണ് അപകടങ്ങൾ പെരുകാൻ കാരണമെന്ന് ലോറി ഡ്രൈവർമാർ പറഞ്ഞു. ഇവിടെ യു ടേൺ പുനഃസ്ഥാപിച്ചാൽ മുട്ടം ഭാഗത്തെ യു ടേണിന്റെ അപകടസാധ്യതയും കുറയും.
What a situation! U-turn is a danger trap!
