ആലുവ : (piravomnews.in) ജനാഭിമുഖ–-സുന്നഹദോസ് കുർബാനയെ ചൊല്ലിയുള്ള തർക്കത്തിൽ കീഴ്മാട് പെരിയാർമുഖം സെന്റ് ആൻഡ്രൂസ് പള്ളിയിൽ സംഘർഷം.
ഇരുവിഭാഗങ്ങളിലായി കീഴ്മാട് തേക്കാനത്ത് ടി വി ബേബി (47), തേക്കാനത്ത് ഷിബു, കോയിക്കര അനി, കോയിക്കര ജിബിൻ എന്നിവർക്ക് പരിക്കേറ്റു. ബേബിയെ ജില്ലാ ആശുപത്രിയിലും മറ്റുള്ളവരെ ആലുവ കാരോത്തുകുഴിയിലും പ്രവേശിപ്പിച്ചു. ഞായർ പകൽ മൂന്നിനായിരുന്നു സംഘർഷം.

180 കുടുംബങ്ങളുള്ള ഇടവകയിൽ 50 കുടുംബം സുന്നഹദോസ് കുർബാനയെ അനുകൂലിക്കുന്നവരാണ്. എറണാകുളം–- അങ്കമാലി അതിരൂപതയുടെ സർക്കുലർപ്രകാരം സുന്നഹദോസ് കുർബാനയും അർപ്പിക്കാം. പെരിയാർമുഖം പള്ളിയിൽ ഞായറാഴ്ചകളിൽ പകൽ 3.30ന് സുന്നഹദോസ് കുർബാനയ്‌ക്ക് പാരിഷ് കൗൺസിൽ തീരുമാനിച്ചിരുന്നു.
ഇത് 5.30നാക്കണമെന്ന് ആവശ്യപ്പെട്ട് സുന്നഹദോസ് കുർബാനയെ അനുകൂലിക്കുന്നവർ ടി വി ബേബിയുടെ നേതൃത്വത്തിൽ വികാരി ഫാ. സജോ പടയാട്ടിയെ കാണാനെത്തിയപ്പോഴാണ് സംഘർഷമുണ്ടായത്. അസൗകര്യമാണെങ്കിൽ രാവിലെ 6.45നും ഒമ്പതിനും നടത്തുന്ന കുർബാനകളിൽ ഒന്ന് സുന്നഹദോസ് കുർബാനയാക്കണമെന്നും ആവശ്യപ്പെട്ടു.
ആവശ്യം നിരാകരിച്ച് വികാരി പുറത്തേക്കിറങ്ങിയതിനുപിന്നാലെയാണ് സംഘർഷം. പാരിഷ് കൗൺസിൽ തീരുമാനത്തിന് വിരുദ്ധമായി സമയം മാറ്റാനാകില്ലെന്ന് ഫാ. സജോ പടയാട്ടിൽ അറിയിച്ചു. മാസത്തിലെ മൂന്നു ഞായറാഴ്ചകളിലും വൈകിട്ട് അഞ്ചിന് കുടുംബയോഗങ്ങൾ ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഇരുപക്ഷവും ആലുവ പൊലീസിൽ പരാതി നൽകി.
Conflict over Mass timings
