പഴനി: ഉദുമല്‍പേട്ട-ദിണ്ടിക്കല്‍ ദേശീയപാതയില്‍ പുഷ്പത്തൂര്‍ ബൈപ്പാസ് റോഡില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് മലപ്പുറം സ്വദേശിയായ യുവാവും നാലുവയസ്സുള്ള മകനും മരിച്ചു.

മഞ്ചേരി തൃക്കലങ്ങോട് ആനക്കോട്ടുപുറം മാളികപ്പറമ്പില്‍ പൂളാങ്കുണ്ടില്‍ തരകന്‍ മുഹമ്മദ് സദഖത്തുള്ള വഹബി (32), മകന്‍ മുഹമ്മദ് ഹാദി എന്നിവരാണു മരിച്ചത്. ഭാര്യ ഫാത്തിമ സുഹറ (23), മകള്‍ ഐസല്‍ മഹറ (രണ്ടര) എന്നിവര്‍ ഗുരുതരപരിക്കുകളോടെ ഉദുമല്‍പേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ കുടുംബത്തോടൊപ്പം തമിഴ്നാട്ടിലെ വിവിധ ആത്മീയകേന്ദ്രങ്ങളിലേക്കു പോയതായിരുന്നു. പകല്‍ മൂന്നരയോടെയായിരുന്നു അപകടം. സ്വാമിനാഥപുരം പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. ലോറിയുടെ ഉള്ളിലേക്ക് ഇടിച്ചുകയറിയ കാര്‍ ക്രെയിനുപയോഗിച്ച് വലിച്ചെടുക്കുകയായിരുന്നു. മൃതദേഹങ്ങള്‍ പഴനി സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍. സ്വാമിനാഥപുരം പോലീസ് കേസെടുത്തു.
പരേതനായ അബ്ദുല്‍കരീമിന്റെയും റംലത്തിന്റെയും മകനാണ് സദഖത്തുള്ള. സഹോദരങ്ങള്‍: ഹിദായത്തുള്ള, കിഫായത്തുള്ള, ഇനായത്തുള്ള. കബറടക്കം മാളികപ്പറമ്പ് സുന്നി ജുമാമസ്ജിദ് കബറിസ്താനില്‍ നടക്കും.
Car hits parked lorry in accident; young man and four-year-old son die
