തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസ് പ്രതി അഫാൻ നേരത്തെയും ജീവനൊടുക്കാൻ ശ്രമം നടത്തിയിരുന്നതായി വിവരം.10 വർഷം മുമ്പ് പഠന കാലത്തായിരുന്നു ആത്മഹത്യാശ്രമം. മൊബൈൽഫോൺ വാങ്ങി നൽകാത്തതിനെ തുടർന്നായിരുന്നു ഇതെന്നും വിവരമുണ്ട്.

23-കാരനായ അഫാൻ ലഹരി ഉപയോഗിച്ചതിന്‍റെ തെളിവുകൾ പൊലീസിന് ലഭിച്ചു. ഏത് തരം ലഹരി എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ നെടുമങ്ങാട് ഡിവൈഎഫ്ഐ കെ എസ് അരുൺ പറഞ്ഞു.
പ്രതി ലഹരിക്കടിമയാണ്. പെൺകുട്ടിയുടെ കാര്യം സംസാരിക്കാൻ ലത്തീഫ് കഴിഞ്ഞദിവസം രാവിലെ അഫാന്റെ വീട്ടിൽ പോയിരുന്നു. ഇതിന്‍റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്നാണ് നിഗമനം. അബ്ദുൽ ലത്തീഫിന്റെ ശരീരത്തിൽ 20-ലേറെ മുറിവുകളുണ്ട്. ചുറ്റിക കൊണ്ടാണ് ആക്രമിച്ചത്. ഷാഹിദയുടെ ശരീരത്തിൽ നിന്ന് ആഭരണം നഷ്ടമായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞദിവസമാണ് കേരളത്തെ നടുക്കിയ കൂട്ടക്കൊലപാതകം നടന്നത്. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകങ്ങൾ നടന്നതെന്നാണ് പൊലീസ് പറയുന്നത്. അഫാനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. ഇതിനായി പൊലീസ് ഡോക്ടറുടെ അനുമതി തേടി. ഡോക്ടറുടെ നിർദ്ദേശപ്രകാരമായിരിക്കും പ്രതിയെ ചോദ്യം ചെയ്യുക.
അഫാൻ്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് പൊലീസ്. ആരോഗ്യ സ്ഥിതി അനുസരിച്ചായിരിക്കും അറസ്റ്റ് നടപടികൾ. ആശുപത്രിയിൽ നിന്നും വിടുതൽ ലഭിച്ചില്ലെങ്കിലും അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസ് നീക്കം. അഫാൻ്റെ പിതാവിന്‍റെ മാതാവ് സൽമാ ബീവി, പ്രതിയുടെ അനുജൻ അഹ്സാൻ, പെൺസുഹൃത്ത് ഫര്‍സാന, പിതാവിന്‍റെ സഹോദരന്‍ ലത്തീഫ്, ലത്തീഫിന്‍റെ ഭാര്യ ഷാഹിദ എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയുടെ ഉമ്മ ഷെമി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
Venjaramoodu massacre; Police say the accused was intoxicated.
