തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ട കൊലയുമായി ബന്ധപ്പെട്ട് ആദ്യം പൊലീസ് സ്റ്റേഷനില്‍ അറിഞ്ഞത് പ്രതിയുടെ മുത്തശ്ശിയുടെ മരണം. പാങ്ങോട് 95 കാരി സൽമാ ബീവി മരണപ്പെട്ടതായുള്ള വിവരമാണ് ആദ്യം ലഭിച്ചതെന്ന് പാങ്ങോട് എസ്എച്ച്ഒ വിനേഷ് പ്രതികരിച്ചു. തലയ്ക്ക് പരിക്കേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. ബന്ധുവായ പെൺകുട്ടിയാണ് ആദ്യം ഇത് കാണുന്നതെന്നും എസ്എച്ച്ഒ പറഞ്ഞു. പ്രതിയുടെ പിതാവിന്റെ ഉമ്മയാണ് കൊല്ലപ്പെട്ടത്. ചുറ്റിക കൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു. ഇവർ ഒറ്റയ്ക്ക് ഒരു വീട്ടിലാണ് താമസം.

ഇതിനിടെയാണ് പ്രതി വെഞ്ഞാറമൂട് സ്റ്റേഷനിലെത്തി കുറ്റം സമ്മതിക്കുന്നതും വിവരം മറ്റു പൊലീസ് സ്റ്റേഷനുകളിലേക്ക് എത്തുന്നതും. മൂന്ന് സ്റ്റേഷന്‍ പരിധിയിലാണ് കൊല നടന്നിരിക്കുന്നത്.
മുത്തശ്ശിയെ കൊലപ്പെടുത്തിയ ശേഷമാണ് പ്രതി സ്വന്തം വീട്ടിലെത്തുന്നത്. അവിടെ വെച്ച് ഉമ്മയെയും സഹോദരനെയും കാമുകിയെയും വെട്ടുകയായിരുന്നു. മൂന്നുപേരും മരിച്ചെന്ന ഉറപ്പില്‍ പ്രതി പിതാവിന്റെ സഹോദരന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട ശേഷമാണ് വീടുവിട്ടിറങ്ങിയത്. എന്നാല്‍ മാതാവ് മരിച്ചിരുന്നില്ല. മാതാവ് ഷെമീന്‍ ഗുരുതര പരിക്കുകളോടെ ചികിത്സയില്‍ കഴിയുകയാണ്. സ്വന്തം വീട്ടില്‍ നിന്നിറങ്ങിയ പ്രതി ചൂള്ളാളത്തെ വീട്ടിലെത്തിയാണ് അച്ഛന്റെ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തിയത്.
Mass murder: Relatives found the body, the murders took place on a single day, within the limits of three stations.
