മലപ്പുറം: മാതാവ് വഴക്കുപറഞ്ഞതിനെത്തുടർന്ന് രണ്ടാംക്ലാസുകാരൻ വീടുവിട്ടിറങ്ങി. കുട്ടി എത്തിയത് ഫയർ സ്റ്റേഷനിൽ. പോലീസ് സ്റ്റേഷൻ എന്ന് കരുതിയാണ് കുട്ടി ഫയർ സ്റ്റേഷനിൽ കയറിയത്. ചൈൽഡ് ലൈൻ പ്രവർത്തകർ എത്തി കുട്ടിയെ സുരക്ഷിതമായി വീട്ടിലെത്തിച്ചു.

സഹോദരിയുമായി കുട്ടി വഴക്കിട്ടിരുന്നു. ഇതിന്റെ പരിഭവം മാതാവിനോട് പറഞ്ഞു. എന്നാൽ മാതാവ് രണ്ടാം ക്ലാസുകാരനെ വഴക്കുപറയുകയായിരുന്നു. ഇതിന്റെ വിഷമത്തിൽ 'ഉമ്മക്കെതിരേ കേസ് കൊടുക്കും' എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതാണ് കുട്ടി. ഇരുമ്പുളിയിൽ നിന്ന് കാൽനടയായി അഞ്ച് കിലോമീറ്ററോളം നടന്ന് മഞ്ചേരിയിൽ എത്തുകയായിരുന്നു. ഫയർ സ്റ്റേഷനിൽ എത്തിയ കുട്ടി 'ഉമ്മ വീട്ടിൽ നിന്ന് ഇറക്കി വിട്ടു' എന്നൊക്കെ ഉദ്യോഗസ്ഥരോട് കുട്ടി പരാതി പറഞ്ഞു. ഉടൻ തന്നെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ചൈൽഡ് ലൈനിൽ വിളിച്ച് വിവരമറിയിച്ചു.
ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയുടെ പിതാവിനെ വിവരമറിയിച്ചു. പിതാവ് എത്തി കുട്ടിയെ തിരിച്ച് വീട്ടിലെത്തിച്ചു. അവധിദിവസം ആയതുകൊണ്ട് കുട്ടി അടുത്ത വീട്ടിൽ കളിച്ചു കൊണ്ടിരിക്കുകയാണെന്നാണ് വീട്ടുകാർ കരുതിയത്. കുട്ടി ഇത്തരത്തിൽ ഇറങ്ങിപ്പുറപ്പെട്ട കാര്യം വീട്ടുകാർ അറിഞ്ഞിരുന്നില്ല.
Second grader left home; went to the fire station to complain
