വത്തിക്കാൻ....(piravomnews.in) ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് സുഖം പ്രാപിച്ച് വിശ്രമത്തിലായിരുന്ന ഫ്രാൻസിസ് മാർപാപ്പ(യഥാർഥ പേര് ഹോർഹെ മരിയോ ബെർഗോളിയോ (ജനനം ഡിസംബർ 17, 1936) കാലം ചെയ്തു.വത്തിക്കാനിലെ കാസ സാന്താ മാർട്ടയിലുള്ള തന്റെ വസതിയിൽ ഏപ്രിൽ 21 തിങ്കളാഴ്ച ദിനത്തിൽ പ്രാദേശിക സമയം രാവിലെ 7:35 ന് ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചതായി ഹോളി സീ പ്രസ് ഓഫീസ് സ്ഥിരീകരിച്ചു. 88 വയസ്സുള്ള പോണ്ടിഫ് 12 വർഷത്തിലേറെയായി കത്തോലിക്കാ സഭയെ നയിച്ചു.

ഹോളി റോമൻ സഭയുടെ കാമർലെംഗോ കർദ്ദിനാൾ കെവിൻ ഫാരെൽ ഒരു വീഡിയോ സന്ദേശത്തിലൂടെ പോപ്പിന്റെ മരണം ഔദ്യോഗികമായി പ്രഖ്യാപിച്ചു. “ഇന്ന് രാവിലെ 7:35 ന് റോമിലെ ബിഷപ്പ് ഫ്രാൻസിസ് പിതാവിന്റെ ഭവനത്തിലേക്ക് മടങ്ങി,” ഫാരെൽ പറഞ്ഞു.
അർജന്റീനക്കാരനായ ഇദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പ് ബ്യൂണസ് അയേഴ്സ് രൂപതയുടെ തലവനായിരുന്നു. ഔദ്യോഗിക വസതി ഉപേക്ഷിച്ച് നഗരപ്രാന്തത്തിലെ ചെറിയ അപ്പാർട്ടുമെന്റിലായിരുന്നു ജീവിതം. പൊതുഗതാഗതസംവിധാനത്തിൽ മാത്രം യാത്രചെയ്യുകയും ഇക്കണോമി ക്ലാസിൽ മാത്രം യാത്രചെയ്യുകയും ചെയ്തിരുന്നു. ഇറ്റലിയിൽ നിന്നു കുടിയേറിയ കുടുംബത്തിൽ പിറന്ന ബെർഗോളിയോ 1282 വർഷത്തിനുശേഷം ആദ്യമായി യൂറോപ്പിനു പുറത്തുനിന്ന് പാപ്പ പദവിയിലെത്തിയ ആളാണ്. ലത്തീൻ അമേരിക്കയിൽ നിന്നും ആദ്യമായി പാപ്പ അകുന്നത് ഇദ്ദേഹമാണ്. ദക്ഷിണാർദ്ധഗോളത്തിൽ നിന്നുള്ള ആദ്യത്തെ പാപ്പ, ക്രിസ്തീയസന്യാസി സമൂഹമായ ഈശോസഭയിൽ നിന്നുള്ള ആദ്യത്തെ പാപ്പ എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനായിരുന്നു.
35 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം മാർച്ച് 23നായിരുന്നു ഫ്രാൻസിസ് മാർപാപ്പ ആശുപത്രി വിട്ടത്. ഏറ്റവും ഒടുവിൽ ഈസ്റ്റർ ദിനത്തിലും മാർപാപ്പ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ വിശ്വാസികളെ കണ്ടിരുന്നു. ഗാസയിൽ ഉടൻ തന്നെ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് തൻ്റെ ഈസ്റ്റർ സന്ദേശത്തിൽ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പലസ്തീനിലും ഇസ്രയേലിലും കഷ്ടപ്പാടുകൾ അനുഭവിക്കുന്നവർക്കൊപ്പമാണ് തൻ്റെ മനസ്സെന്നും പട്ടിണി കിടക്കുന്ന ഒരു ജനതയെ സഹായിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും പോപ് സന്ദേശത്തിൽ ആവശ്യപ്പെട്ടിരുന്നു.രണ്ട് മാസത്തെ വിശ്രമമായിരുന്നു ഡോക്ടർമാർ മാർപാപ്പയ്ക്ക് നിർദ്ദേശിച്ചിരുന്നത്. ആശുപത്രി വിടുന്നതിന് മുമ്പ് ജെമെല്ലി ആശുപത്രിയിലെ പത്താം നിലയിലെ മുറിയുടെ ജനാലയ്ക്കരികിൽ നിന്ന് അദ്ദേഹം വിശ്വാസികളെ അഭിവാദ്യം ചെയ്തിരുന്നു. കടുത്ത ശ്വാസകോശ അണുബാധയെ തുടർന്ന് ഫെബ്രുവരി 14-നാണ് മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് 2013 മാർച്ച് 19 ന് ആണ് ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാസഭയുടെ 266-ാമത് പോപ്പ് ആയി സ്ഥാനമേറ്റത്. ജോര്‍ജ് മാരിയോ ബര്‍ഗോളിയോ എന്നതാണ് യഥാർത്ഥ പേര്. വിശുദ്ധ ഫ്രാൻസീസ് അസീസിയോടുള്ള ബഹുമാനാർത്ഥം 'ഫ്രാൻസിസ്' എന്ന പേര് സ്വീകരിക്കുകയായിരുന്നു. ഈ പേര് ആദ്യമായിട്ടാണ് ഒരു മാർപ്പാപ്പ ഔദ്യോഗിക നാമമായി സ്വീകരിച്ചിരുന്നത്.
Pope Francis has passed away
