അടിമാലി: രാജാക്കാട് പന്നിയാർകുട്ടിക്ക് സമീപം ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പന്നിയാർ കുട്ടി ഇടയോട്ടിയിൽ ബോസ് (55) ഭാര്യ റീന ( 48) എന്നിവരാണ് ഭരിച്ചത്. ഇവരോടൊപ്പം ജീപ്പിൽ ഉണ്ടായിരുന്ന പന്നിയാർകുട്ടി തട്ടപ്പിള്ളിയിൽ അബ്രാഹാ (50)മിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പന്നിയാർ കുട്ടി പുതിയ പാലത്തിനു സമീപമാണ് ബോസും ഭാര്യയും താമസിക്കുന്നത്. മുല്ലക്കാനത്ത് ബന്ധുവീട്ടിൽ പോയി തിരികെ വരികയായിരുന്നു. പന്നിയാർ കുട്ടി പള്ളിക്ക് സമീപം എത്തിയപ്പോൾ നിയന്ത്രണം വിട്ട ജീപ്പ് നൂറടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ മൂന്നു പേരെയും അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ബോസും റീനയും വരും വഴി മരണപ്പെട്ടു. മരിച്ച റീന ഒളിമ്പ്യൻ കെ.എം. ബീനാ മോളുടെ സഹോദരിയാണ്. പരിക്കേറ്റ അബ്രഹാം ആണ് ജീപ്പ് ഓടിച്ചിരുന്നത്. മരിച്ച രണ്ടുപേരുടെയും മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.
A couple died in Panniyarkutty, Idukki after their jeep lost control and fell into a ditch.
