തൃശ്ശൂർ: അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കാട്ടാന ചരിഞ്ഞു. കോടനാട്ട് ചികിത്സയിലിരിക്കെയാണ് ചരിഞ്ഞത്. കഴിഞ്ഞ മാസമായിരുന്നു മസ്തകത്തിൽ പരിക്കേറ്റ നിലയിൽ ആനയെ വനത്തിനുള്ളിൽ കണ്ടെത്തിയത്. ആനയുടെ മസ്‌കത്തിലേറ്റ മുറിവ് മറ്റ് ആനകളുമായുള്ള സംഘർഷത്തിൽ പറ്റിയതാകാം എന്നായിരുന്നു നിഗമനം. ബുധനാഴ്ചയാണ് ആനയെ മയക്കുവെടി വെച്ച് പിടികൂടിയത്. തുടർന്ന് കോടനാട് അഭയാരണ്യത്തിൽ ആയിരുന്നു ചികിത്സ. ബുധനാഴ്ച രാത്രി മുതൽ ആന തീറ്റ എടുത്തു തുടങ്ങിയിരുന്നു. ഇന്നലെ തുമ്പിക്കൈയിലേക്കും ഇൻഫെക്ഷൻ ബാധിച്ചതായി കണ്ടെത്തി. ചെളി വാരി എറിയാതിരിക്കാൻ കൂടിനകത്ത് സ്ഥലപരിമിതി ഉണ്ടാക്കിയിരുന്നു. വൈകിട്ട് മസ്തകത്തിലെ പരിക്കിൽ ഡോക്ടർമാർ വീണ്ടും മരുന്നുവെച്ചിരുന്നു.

ഇന്ന് രാവിലെ വരെ ആന ഭക്ഷണവും വെള്ളവും എടുക്കുകയും മരുന്നുകളോട് പ്രതികരിക്കുകയും ചെയ്തിരുന്നു. ഡോക്ടർമാർ ചികിൽസിച്ചു വരവേ ആന പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഹൃദയാഘാതം എന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മറ്റ് വിവരങ്ങൾ വ്യക്തമാകൂ. തുമ്പികൈയിലേക്കും അണുബാധ ബാധിച്ചിരുന്നു. ആന രക്ഷപെടാന്‍ 30 ശതമാനം സാധ്യത മാത്രമാണുള്ളതെന്ന് നേരത്തേ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. കഴിഞ്ഞദിവസം മയക്കുവെടിയേറ്റ് മയങ്ങി വീണ ആനയെ കുങ്കി ആനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റിയാണ് കോടനാട് എത്തിച്ചത്. മസ്തകത്തിലെ മുറിവില്‍ പുഴുക്കളെ കണ്ടെത്തിയതോടയാണ് ആനയെ പിടികൂടി ചികിത്സിക്കാന്‍ വനം വകുപ്പ് തീരുമാനിച്ചത്. വെറ്റിലപ്പാറയ്ക്ക് സമീപത്ത് നിന്നാണ് ആനയെ പിടികൂടിയത്. വെറ്റിനറി സര്ജന് അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘം സ്ഥലത്തെത്തിയാണ് മയക്കുവെടി വച്ചത്. മസ്തകത്തിലെ മുറിവില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷമാണ് കോടനാട്ടേയ്ക്ക് കൊണ്ടുപോയത്.
A wild elephant with a head injury has died. It died while undergoing treatment in Kodanad.
