മൂന്നാര്‍ മാട്ടുപ്പെട്ടിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച മൂന്ന് വിദ്യാര്‍ത്ഥികളുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മൃതദേഹങ്ങള്‍ ഇന്ന് തന്നെ നാഗര്‍കോവിലില്‍ എത്തിക്കും. സംഭവത്തില്‍ ബസ് ഡ്രൈവര്‍ വിനേഷിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഡ്രൈവര്‍ വിനീഷ് സുന്ദര്‍രാജാണ് അറസ്റ്റിലായത്. ഡ്രൈവര്‍ അമിത വേഗതയില്‍ അശ്രദ്ധയോടെ വാഹനമോടിച്ചതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു.

ആദിക, വേണിക, സുധന്‍ എന്നീ വിദ്യാര്‍ത്ഥികളുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. തേനി മെഡിക്കല്‍ കോളജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന കെവിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. മൂന്നാര്‍ ടാറ്റ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ത്ഥികളും അധ്യാപകരും ഇന്ന് ആശുപത്രി വിടും. ആവശ്യാനുസരണം യാത്ര സൗകര്യം ഇടുക്കി ജില്ലാ ഭരണകൂടം ഒരുക്കും.
Munnar bus accident driver arrested. Bodies of three deceased students to be brought to Nagercoil today.
