കോഴിക്കോട്: കൊടുവള്ളി ഓമശ്ശേരിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ധിച്ചതായി പരാതി. ഓമശ്ശേരിയിലെ സ്വകാര്യ മാര്‍ക്കറ്റിംഗ് സ്ഥാപനത്തിലെ മാനേജറായി ജോലി ചെയ്യുന്ന ഷബീര്‍ അലിയെയാണ് കഴിഞ്ഞ ദിവസം ഒരു സംഘം തട്ടിക്കൊണ്ടുപോയി മര്‍ദ്ധിച്ചത്. നല്‍കി. ബിസിനസ് സംബന്ധമായ തര്‍ക്കങ്ങളാണ് മര്‍ദനത്തിന് കാരണമെന്നും ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ എംഡിയാണ് പിന്നിലെന്നുമാണ് ഷബീറലി പറയുന്നത്. കോടഞ്ചേരിയിലെ റിസോര്‍ട്ടില്‍ എത്തിച്ചും താമരശ്ശേരിയിലെ ആളൊഴിഞ്ഞ വീട്ടില്‍ വച്ചും പൂര്‍ണ നഗ്‌നനാക്കിയ ശേഷം തന്നെ ഭീകരമായി ആക്രമിക്കുകയും തുടര്‍ന്ന് ശരീരത്തില്‍ മുളകുപൊടി തേച്ചതായും യുവാവ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. അവശാനായ തന്നെ ഫിറോസ് ഖാന്‍ കഴിഞ്ഞ ദിവസം രാവിലെ താമരശ്ശേരി ടൗണില്‍ ഉപേക്ഷിച്ചതാണെന്നും ഷബീര്‍ പറയുന്നു.

പരിക്കേറ്റ ഷബീര്‍ ആദ്യം താമരശ്ശേരിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. ആന്തരികമായ പരുക്കുകളൊന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടില്ല.തട്ടിക്കൊണ്ടു പോയതിനു പിന്നില്‍ സാമ്പത്തിക ഇടപാടുകളുണ്ടെന്നാണ് ലഭിക്കുന്ന വിവരം. മാര്‍ക്കറ്റിംഗ് ഏജന്‍സി ഉടമയായ ഫിറോസ് ഖാനെതിരെ ഷബീര്‍ അലി പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പത്തുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഷബീർ അലി ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ ഉടമ ഫിറോസ് ഖാൻ ഉൾപ്പടെ കണ്ടാലറിയാവുന്ന 10 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. കൊടുവള്ളി സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും പൊലീസ് നിസംഗത പാലിക്കുന്നെന്നും കുടുംബം ആരോപിക്കുന്നുണ്ട്. കൊടുവള്ളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Complaint against marketing agency owner for making young man completely naked and beating him with chili powder
