കോതമംഗലം: ഭക്ഷ്യ വിഷബാധയെ തുടർന്ന് ഗുരുതരാവസ്ഥയിൽ കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്ന എം.എ. കോളേജ് വിദ്യാർത്ഥിനി മരിച്ചു. എം.എ. കോളേജ് ഒന്നാം വർഷ എം.കോം വിദ്യാർത്ഥിനിയും തൃശൂർ ആലപ്പാട് സ്വദേശിനിയുമായ ശ്രീലക്ഷ്മി ദിനേശ് (21) ആണ് മരിച്ചത്. തൃശൂർ ആലപ്പാട് കൊക്കഡ്ര വീട്ടിൽ ദിനേശ് - മിനി ദമ്പതികളുടെ ഏക മകളാണ്.

ഏതാനും ദിവസം മുമ്പ് പനി, തലവേദന, വയറിളക്കം തുടങ്ങിയവയെ തുടർന്നാണ് ശ്രീലക്ഷ്മി ആദ്യം കോതമംഗലത്തെ ആശുപത്രിയിൽ ചികിത്സതേടിയത്. പിന്നീട് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ പരിശോധനയിലാണ് ആന്തരികാവയവങ്ങൾക്ക് പ്രശ്നങ്ങളുള്ളതായി കണ്ടെത്തിയത്. പിന്നീടാണ് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലേക്ക് മാറ്റിയത്. ഹോട്ടൽ ഭക്ഷണം കഴിച്ച ശേഷമാണ് തനിക്ക് അസ്വസ്ഥതകളുണ്ടായതെന്ന് ശ്രീലക്ഷ്മി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. കോതമംഗലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം വീട്ടുകാർക്ക് കൈമാറി.
ഇന്നലെ(ചൊവ്വ) വൈകിട്ടോടെ തൃശൂർ ആലപ്പാടിലെ വീട്ടുവളപ്പിൽ സംസ്കാരം നടത്തി. ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം ലഭിച്ചശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.
A college student who was undergoing treatment for food poisoning died.
