തിരുവനന്തപുരം: ഓപ്പറേഷന്‍ സൗന്ദര്യയുടെ ഭാഗമായി എറണാകുളത്ത് നടത്തിയ പരിശോധനയില്‍ മായം ചേര്‍ത്ത സൗന്ദര്യ വര്‍ധക വസ്തുക്കള്‍ കണ്ടെത്തിയതായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു. എറണാകുളത്തെ മറൈന്‍ ഡ്രൈവില്‍ പ്രവര്‍ത്തിക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളുടെ മൊത്തവ്യാപാര സ്ഥാപനത്തില്‍ നിന്നുമാണ് മായം ചേര്‍ത്ത പെര്‍ഫ്യൂം പിടികൂടിയത്. ഇതില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അളവ് 95 ശതമാനത്തോളം ഉണ്ടെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മീഥൈല്‍ ആല്‍ക്കഹോള്‍ അടങ്ങിരിക്കുന്നത് കൊണ്ട് ഇതുപയോഗിച്ചാല്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്.

ഗുജറാത്തിലെ അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ 'കരിഷ്മ പെര്‍ഫ്യൂം' എന്ന പേരില്‍ ഇറക്കിയ പെര്‍ഫ്യൂമിലാണ് മീഥൈല്‍ ആല്‍ക്കഹോള്‍ അമിത അളവില്‍ കണ്ടെത്തിയത്. കേരള പോയിസണ്‍ റൂളിന്റെ ഷെഡ്യൂള്‍ ഒന്നില്‍ വരുന്ന ഒരു വിഷമാണ് മീഥൈല്‍ ആല്‍ക്കഹോള്‍. ആരോഗ്യത്തിന് ഹാനികരമായിട്ടുള്ള ഇത്തരം പദാര്‍ത്ഥങ്ങളുള്ള സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്ട് പ്രകാരം മായം ചേര്‍ക്കല്‍ (Adulterated) വിഭാഗത്തിലാണ് നിര്‍വചിക്കപ്പെട്ടിരിക്കുന്നത്. മൃദുവായ മുഖ ചര്‍മ്മത്തിലൂടെയും മുറിവിലൂടെയും വേഗത്തില്‍ ശരീരത്തിലെത്തി ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നു. മായം ചേര്‍ത്ത സൗന്ദര്യ വര്‍ധക വസ്തുക്കള്‍ നിര്‍മ്മിച്ച് വിതരണം നടത്തിയാല്‍ 3 വര്‍ഷം വരെ തടവും 50,000 രൂപയില്‍ കുറയാത്ത പിഴയും കിട്ടാവുന്ന കുറ്റമാണ്.
എറണാകുളം അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ സന്തോഷ് കെ മാത്യുവിന്റെ ഏകോപനത്തില്‍ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരായ നിഷിത് എംസി, ടെസ്സി തോമസ്, നവീന്‍ കെആര്‍, നിഷ വിന്‍സെന്റ് എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്.
Adulterated perfume seized in Ernakulam, serious problems if used.
