വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാം... https://chat.whatsapp.com/EXTaeKrCESU5hgeV4Fme7e

ബെംഗളൂരു; കർണാടകയിലെ ചാമരാജനഗർ ജില്ലയിൽ കാത് കുത്താനായി അനസ്തേഷ്യ നൽകിയതിനെ തുടർന്ന് ആറ് മാസം പ്രായമുളള കുഞ്ഞ് മരിച്ചു. ഗുണ്ടൽപേട്ട് താലൂക്കിലെ ഹംഗല സ്വദേശികളായ ആനന്ദ്, ശുഭ എന്നിവരുടെ ആൺ കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് അനസ്തേഷ്യ ഓവർഡോസ് നൽകിയതാണ് മരണ കാരണമെന്ന് മാതാപിതാക്കൾ ആരോപിച്ചു. ഗുണ്ടൽപേട്ടിലെ ബൊമ്മലപുര പ്രൈമറി ഹെൽത്ത് സെന്ററിൽ നിന്നാണ് കാതുകുത്താനായി കുഞ്ഞിന് അനസ്തേഷ്യ നൽകിയത്. അനസ്തേഷ്യ നൽകിയ ശേഷം കുഞ്ഞിന്റെ രണ്ട് കാതും കുത്തി. പെട്ടെന്ന് കുഞ്ഞിന് ബോധം പോയെന്നും മാതാപിതാക്കൾ പറഞ്ഞു. ഉടൻ അടുത്തുളള താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരണപ്പെട്ടുവെന്ന് കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.
കാതു കുത്തുമ്പോഴുണ്ടാകുന്ന വേദന തടയുന്നതിനായി ഡോക്ടർ കുട്ടിക്ക് അനസ്തേഷ്യ നൽകിയതായി താലൂക്ക് മെഡിക്കൽ ഓഫീസർ ഡോക്ടർ അലീം പാഷയും പറഞ്ഞു. പിന്നീട് അപസ്മാര ലക്ഷണങ്ങൾ കാണിച്ച കുട്ടി മരണപ്പെട്ടു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ മരണകാരണം വ്യക്തമാവുകയുളളു. സംഭവത്തിൽ അന്വേഷണം നടത്തി വീഴ്ച കണ്ടെത്തിയാൽ ഡോക്ടർക്കെതിരെ നടപടി സ്വീകരിക്കുമെന്നും താലൂക്ക് മെഡിക്കൽ ഓഫീസർ വ്യക്തമാക്കി.
Baby dies after being given anesthesia for ear piercing; family alleges doctor
