തിരുവനന്തപുരം: അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവം മൂന്നാം ദിനത്തിലേക്ക് കടക്കുമ്പോൾ കണ്ണൂരും തൃശൂരും, കോഴിക്കോടും തമ്മിൽ ഇഞ്ചോടിഞ്ചു പോരാട്ടം. പകുതിയോളം മത്സരങ്ങൾ അവസാനിച്ചപ്പോൾ കണ്ണൂരിന് 449 പോയിന്റും തൃശൂരിന് 448 പോയിന്റും കോഴിക്കോടിന് 446 പോയിന്റുമാണ് ഉള്ളത്. പാലക്കാടാണ് നാലാം സ്ഥാനത്ത്. സ്കൂളുകളിൽ 65 പോയിന്റുമായി തിരുവനന്തപുരം കാർമൽ ഹയർ സെക്കന്ററി സ്കൂളാണ് ഇപ്പോൾ മുന്നിലുള്ളത്. പത്തനംതിട്ട എസ്‌വിജിവി ഹയർ സെക്കന്ററി സ്കൂളും ആലത്തൂർ ഗുരുകുലം ഹയർ സെക്കന്ററി സ്കൂളും 60 പോയിന്റ്റുമായി രണ്ടാം സ്ഥാനത്തുണ്ട്. സമയക്രമം പാലിച്ചാണ് ഏറെകുറെ എല്ലാ മത്സരങ്ങളും ഇന്നലെ അവസാനിച്ചത്.ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളുടെ മിമിക്രി, മോണോ ആക്‌ട് മത്സരങ്ങൾ ഹൈസ്കൂൾ വിഭാഗം ആൺ കുട്ടികളുടെ നാടോടി നൃത്തം, ഹൈസ്ക്കൂൾ വിഭാഗം ദഫ് മുട്ട്, ചവിട്ടു നാടകം തുടങ്ങിയ ജനകീയ ഇനങ്ങൾ ഇന്ന് നടക്കും.മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉച്ചക്ക് പുത്തരികണ്ടത്തെ ഭക്ഷണ കലവറ സന്ദർശിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
State School Arts Festival: Kannur, Kozhikode and Thrissur battle it out for the gold cup