റാഞ്ചി: റാഞ്ചിയിൽ നടക്കുന്ന ദേശീയ സീനിയർ സ്കൂൾ മീറ്റിൽ കേരളത്തിന്റെ ആദ്യ സ്വർണം നേടിയത് കേരള സർക്കാർ കായിക മേളയിൽ നിന്നും വിലക്കിയ സ്കൂളിലെ അത്‌ലറ്റായ മലപ്പുറം തിരുനാവായ നാവാമുകുന്ദയുടെ താരം ആദിത്യ അജിക്ക്. സീനിയർ വിഭാഗം പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിലാണ് ആദിത്യ അജി സ്വർണം നേടിയത്. തിങ്കളാഴ്ച നടന്ന 100 മീറ്റർ ഹാർഡിൽസിൽ 14.57 സെക്കൻഡിലാണ് ആദിത്യ അജി ഫിനിഷ് ചെയ്തത്. തുടർച്ചയായി രണ്ടാം വർഷമാണ് 100 മീറ്റർ ഹർഡിസിൽ ആദിത്യ ദേശീയ ചാമ്പ്യനാകുന്നത്. കഴിഞ്ഞവർഷം ജൂനിയർ വിഭാഗത്തിൽ 100 മീറ്റർ ഹർഡിൽസ്, 200 മീറ്റർ എന്നിവയിൽ സ്വർണം നേടി. 100 മീറ്റർ ഓട്ടത്തിൽ വെള്ളിയും. ഇത്തവണ കൊച്ചിയിൽ 100 മീറ്റർ ഹർഡിൽസിൽ സ്വർണവും നൂറിലും ഇരുനൂറിലും വെള്ളിയും നേടിയിരുന്നു.
കോട്ടയം എരുമേലി വാളാഞ്ചിറയിൽ കെ.ആർ അജിമോന്റെയും സൗമ്യയുടെയും മകളാണ് ആദിത്യ. സംസ്ഥാന സ്കൂൾ കായികമേളയിൽ സമാപന വേദിയിലെ പ്രതിഷേധത്തിന്റെ പേരിൽ തിരുനാവായ നാവാമുകുന്ദ, കോതമംഗലം മാർ ബേസിൽ എന്നീ സ്കൂളുകളെയാണ് അടുത്തവർഷത്തെ മേളകളിൽനിന്നും വിലക്കിയിരിക്കുന്നത്. സ്കൂളുകളെ വിലക്കിയ നടപടിയിൽ ബാലാവകാശ കമ്മിഷൻ റിപ്പോർട്ട് തേടിയിയിട്ടുണ്ട്. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ ചെയർപേഴ്സൺ കെ.വി.മനോജ്കുമാർ സ്വമേധയ കേസെടുത്ത് നടപടി സ്വീകരിക്കുകയായിരുന്നു.
A sportsperson from a school banned by the Kerala government from sports meets won gold in the national senior school meet.