തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ മലയാളികൾ ആസ്വദിച്ചച്ച് ആവേശമായി ഏറ്റെടുത്ത കാസർഗോട്ടെ പാട്ട് വീടിന് അറേബ്യൻ ഈണവും വൈഗയ്ക്ക് ഗുരുവായി ഫൗസിയും. ജാതിമത ഭാഷാഭേദങ്ങൾക്ക് അതീതമാണ് കല എന്ന മാനവിക സന്ദേശം ഉയർത്തി സംഗീത കുടുംബം. അറബിക് പദ്യം ചൊല്ലലിൽ തുടർച്ചയായി രണ്ടാം തവണയും A ഗ്രേഡ് കരസ്ഥമാക്കി വൈഗ ചെറുവത്തൂർ RUEMHS സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. അധ്യാപികയായ ഫൗസിയുടെ കീഴിലാണ് അറബി പദ്യം ചൊല്ലൽ അഭ്യസിച്ചത്. സംഗീത കുടുംബത്തിൽ നിന്നു വരുന്ന വൈഗ ഇതിനുമുമ്പ് ശാസ്ത്രീയ സംഗീതം, ലളിതഗാനം എന്നീ ഇനങ്ങളിൽ മത്സരിച്ചിട്ടുണ്ട്. മതമോ ഭാഷയോ ഒന്നും കലക്ക് ബാധകമല്ല എന്ന മാനവീയ സന്ദേശമാണിവർ നല്കുന്നത്. ആദ്യ ഘട്ടത്തിൽ ഭാഷ ഒരു തടസമായിരുന്നു. ഓരോ വാക്കിൻ്റെയും ഉച്ചാരണത്തിൽ ഉള്ള പ്രത്യേകതകളും പരിശ്രമത്തിലൂടെ സ്വായത്തമാക്കി. കലോത്സവ വേദികൾക്ക് പുറമേ സാമൂഹ്യമാധ്യമങ്ങളിലും ശ്രദ്ധേയയാണ് വൈഗയും കുടുംബവും. പാട്ടു വീട് എന്ന ഫേസ്ബുക്ക് പേജ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. വൈഗയുടെ പിതാവ് രവീന്ദ്രൻ പ്രൊഫഷണൽ സിംഗർ ആണ്. 2018 വരെ സംഗീത പരിപാടികൾ അവതരിപ്പിച്ചിരുന്നു. ഇതേ പാതയാണ് മക്കളായ അനാമികയും വൈഗയും പിന്തുടരുന്നത്. ഒന്നാം ക്ലാസ് മുതൽ വൈഗ ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പാട്ടിന് കോറസ് പാടി അമ്മ സീനയും സംഗീത ലോകത്തേക്ക് രംഗപ്രവേശനം ചെയ്തു.
Arabian melody for song house and Guruvai Fauzi for Vaiga