വിദ്യാർഥിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ഒളിവിൽപോയ ദമ്പതിമാരെ ചവറയിൽനിന്നാണ് പോലീസ് സംഘം പിടികൂടിയത്. കുന്നത്തൂർ തിരുവാതിര വീട്ടിൽ ഗീതുമോൾ (32), ഭർത്താവ് സുരേഷ് (38) എന്നിവരെയാണ് ശാസ്താംകോട്ട പോലീസ് പിടികൂടിയത്. ഡിസംബർ ഒന്നാം തീയതിയാണ് പത്താംക്ലാസ് വിദ്യാർഥിയായ 15-കാരനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് മുൻപ് പ്രതികളായ ഗീതുമോളും ഭർത്താവ് സുരേഷും വീട്ടിലെത്തി വിദ്യാർഥിയെ മർദിച്ചിരുന്നു. പ്രതികളുടെ മകൾക്ക് സാമൂഹികമാധ്യമത്തിലൂടെ സന്ദേശമയച്ചെന്ന് ആരോപിച്ചാണ് ഇരുവരും വിദ്യാർഥിയെ വീട്ടിലെത്തി ചോദ്യംചെയ്തത്. ഇതിന്റെ മാനസികപ്രയാസത്തിലാണ് 15-കാരൻ ജീവനൊടുക്കിയതെന്നാണ് പോലീസ് പറയുന്നത്.
2024 ഡിസംബർ ഒന്നാം തീയതി ഉച്ചയോടെയാണ് വിദ്യാർഥിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇതിനുപിന്നാലെ സംഭവത്തിൽ പ്രതികളായ ഗീതുമോളും സുരേഷും ഒളിവിൽപോവുകയായിരുന്നു. ശാസ്താംകോട്ട എസ്.എച്ച്.ഒ. കെ.ബി. മനോജ്കുമാർ, എസ്.ഐ. ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ദമ്പതിമാരെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു.
A couple has been arrested in connection with the suicide of a 10th class student.