തിരുവനന്തപുരം: ചവിട്ടു നാടക വേദിയിലെ അണിയറയിൽ കണ്ട ഇളമുറക്കാരൻ പരിശീലകൻ റിതുലിന് പറയാനുള്ളത് അച്ഛന്റെയും മുത്തച്ഛന്റെയും ചവിട്ടു നാടക പാരമ്പര്യത്തെ കുറിച്ചാണ്. 20 വർഷമായി റിതുൽ ചവിട്ടുനാടകം നെഞ്ചേറ്റിയിട്ട്. മൂന്നാമത്തെ വയസ്സ് മുതൽ മുത്തച്ഛന്റെയും അച്ഛന്റെയും ശിക്ഷണത്തിലാണ് ചവിട്ടു നാടകം അഭ്യസിച്ചത്. നോർത്ത് പറവൂർ കുറുമ്പ തുരുത്ത് സ്വദേശിയും ചവിട്ടു നാടക കലാകാരനുമായ റോയ് ജോർജ് കുട്ടിയാണ് റിതുലിന്റെ പിതാവ്. മുത്തച്ഛൻ ജോർജുകുട്ടി ആശാനാണ് കുടുംബത്തിലെ ആദ്യത്തെ ചവിട്ട് നാടക കലാകാരൻ.
12 സ്റ്റെപ്പുകളിൽ ഉണ്ടായിരുന്ന ചവിട്ട് നാടകത്തെ 14 സ്റ്റെപ്പുകളിലേക്ക് കാലാനുസൃതമായ മാറ്റം വരുത്തിയത് ജോർജുകുട്ടി ആശാനാണ്. 28 വർഷം മുൻപ് ജോർജുകുട്ടി ആശാൻ മരിച്ചുവെങ്കിലും ചവിട്ടു നാടക പാരമ്പര്യം വേണ്ടുവോളം പിൻതലമുറയ്ക്ക് കൈമാറാൻ അദ്ദേഹം മറന്നില്ല. മകനെയും പേരക്കുട്ടികളെയും ഈ കലാരൂപത്തിന്റെ ആദ്യ അവസാന പാഠങ്ങൾ പഠിപ്പിക്കാനും അദ്ദേഹത്തിനായി. പള്ളിപ്പെരുന്നാളുകളിൽ മാത്രമായി ഒതുങ്ങി നിൽക്കേണ്ടി വന്ന ചവിട്ടു നാടകത്തിന് കലോത്സവ വേദികളിലൂടെ പ്രചാരണം കൂടി വരികയാണെന്ന് റോയ് ചേട്ടൻ പറയുന്നു. ഒന്നിലധികം സ്കൂളുകളുടെ ചവിട്ടു നാടക ചുമതലയുണ്ട് റോയ് ചേട്ടനും റിതുലിനും. പതിനാറാം നൂറ്റാണ്ടിലാണ് ചവിട്ടു നാടകത്തിന്റെ ചരിത്രം തുടങ്ങുന്നത്. ചിന്നത്തമ്പി അണ്ണാവി എന്ന ആൾ മിഷനറിയുടെ ഭാഗമായാണ് ചവിട്ടുനാടകം രൂപകൽപ്പന ചെയ്തത്. അത് പിന്നീട് കേരളത്തിന്റെ തീരപ്രദേശങ്ങളിൽ ഒതുങ്ങി നിന്നു. തമിഴ്നാട്ടിലെ നാട്ടുവാ എന്ന കലാരൂപവുമായി ചവിട്ടു നാടകത്തിന്റെ കഥയ്ക്ക് ബന്ധമുണ്ട്. ചുവടുകൾക്ക് പ്രാധാന്യമുള്ള ചവിട്ട് നാടകം ആദ്യകാലങ്ങളിൽ ബൈബിളുമായി ബന്ധപ്പെട്ട കഥകളാണ് അവലംബമായി എടുത്തിരുന്നത് എങ്കിൽ ഇപ്പോൾ മറ്റു മതത്തിലെ പുരാണ ഗ്രന്ഥങ്ങളിലെ കഥകളും ഉപയോഗിച്ചു വരുന്നുണ്ട്. ചവിട്ടു നാടകത്തിനുമായി മാത്രം എല്ലാ വർഷവും ഡിസംബർ 26 മുതൽ 30 വരെ ഗോതുരുത്ത് നടക്കുന്ന ചുവടി ഫെസ്റ്റിവലിൽ സ്ഥിരം സാന്നിധ്യമാണ് ഈ കുടുംബം. പ്രശസ്ത കലാകാരിയും സിനിമ പ്രവർത്തകയുമായ സജിത മഠത്തിന്റെ ആവശ്യപ്രകാരം 2016 കേരള സംഗീത അക്കാദമിയിൽ റോയി കുട്ടി ജോർജ് തന്നെ എഴുതി തയ്യാറാക്കിയ സെബസ്റ്റാനിയോസ് പ്രമേയമാക്കിയുള്ള ചവിട്ടുനാടകം അവതരിപ്പിച്ചിരുന്നു. ഷേക്സ്പിയറിന്റെ മാഗ്ബത് ചവിട്ടു നാടക രൂപത്തിലേക്ക് ആക്കിയതും റോയ് ജോർജ് കുട്ടിയാണ്. മാക്ബത്തായി വേഷമിട്ടത് റിതുലും.
സ്കൂളിൾ ഗ്രൂപ്പുകളിൽ നിന്ന് ഗ്രൂപ്പുകളിലേക്ക് ചവിട്ടു നാടകത്തിന്റെ പരിശീലനത്തിനും ഒരുക്കത്തിനുമായി ഓടി നടക്കുമ്പോഴും റോയി ചേട്ടന്റെ ഉള്ളിൽ ഒരു വേദനയുണ്ട്. 2023 നവംബർ 25ന് കുസാറ്റിലെ സ്റ്റേജ് ആക്സിഡന്റിൽ മരണപ്പെട്ട തന്റെ പൊന്നോമന പുത്രി ആൻ റുഫ്തയാണ് റോയി ചേട്ടൻ നെഞ്ചിലെ തീരാ വേദന. അപ്രതീക്ഷിതമായ ആ മരണം വഴി നഷ്ടമാക്കിയത് ഒരു മകളെ മാത്രമല്ല ഒരു നല്ല ചവിട്ട് നാടക കലാകാരിയെ കൂടിയാണ്. മുത്തച്ഛൻ ജോർജുകുട്ടി ആശാന്റെ ശിക്ഷണത്തിലാണ് ആനും ചവിട്ടു നാടകത്തിലേക്ക് വരുന്നത്. അണിയറയിലെ മേക്കപ്പ് റൂമിൽ ജോർജുകുട്ടി ആശാന്റെ ഫോട്ടോയ്ക്കൊപ്പം ആനിന്റെ ഒരു ഫോട്ടോയും ഉണ്ടായിരുന്നു. തിരക്കുകൾക്കിടയിൽ ഓടി നടക്കുമ്പോഴും ആ അച്ഛന്റെ ഉള്ളിൽ വിങ്ങുന്ന വേദനയായി അവളുടെ ചിത്രം എന്നും ഉണ്ടാകുമെന്ന് റോയി ചേട്ടന്റെ നിറകണ്ണുകൾ പറയാതെ പറഞ്ഞു.
Now stories from the mythological texts of other religions are also used.