മൂവാറ്റുപുഴ : (piravomnews.in) പ്രളയത്തിൽ തകർന്ന തോട്ടഞ്ചേരി പാലത്തിനു പുനർജന്മം. തൂക്കു പാലത്തിനു പകരം നിർമിക്കുന്ന കോൺക്രീറ്റ് പാലത്തിന്റെ ടെൻഡർ നടപടികൾ പൂർത്തിയായതായി ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു.
110 മീറ്റർ നീളവും 7.5 മീറ്റർ വീതിയും പുതിയ പാലത്തിന് ഉണ്ടാകും. 22 മീറ്റർ നീളമുള്ള 5 സ്പാനുകൾ പാലത്തിന് ബലമേകും.
നിർമാണം പൂർത്തീകരിക്കുമ്പോൾ 2 വരിയിൽ ഗതാഗതവും ഇവിടെ യാഥാർഥ്യമാകും. 7.54 കോടി രൂപയാണ് ടെൻഡറിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ തുക.
തോട്ടഞ്ചേരി - കടുംപിടി പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിച്ചു കാളിയാർ പുഴയ്ക്ക് കുറുകെയാണ് പാലം നിർമിക്കുന്നത്. പിഎംജിഎസ്‌വൈ മൂന്നാം ഘട്ട പദ്ധതിയിൽ കേരളത്തിൽ അനുവദിച്ചതിൽ ഏറ്റവും ദൈർഘ്യമേറിയ പാലം എന്ന പ്രത്യേകതയും തോട്ടഞ്ചേരി പാലത്തിനാണ്.
2018ലെ പ്രളയത്തിലാണ് ഇവിടെയുണ്ടായിരുന്ന തൂക്കു പാലം തകരുന്നത്. തൂക്കു പാലം പുനർനിർമിക്കണം എന്ന ആവശ്യം ശക്തമായപ്പോൾ അന്നത്തെ സർക്കാർ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും പദ്ധതി യാഥാർഥ്യമായില്ല.
തൂക്കു പാലത്തിന് പകരം വാഹന ഗതാഗതം കൂടി സാധ്യമാകുന്ന കോൺക്രീറ്റ് പാലം നിർമിക്കണമെന്ന ആവശ്യവും ഉയർന്നു. തുടർന്ന് ഡീൻ കുര്യാക്കോസ് എംപി ഇടപെട്ടാണ് പിഎംജിഎസ്‌വൈ പദ്ധതിയിൽ ഉൾപ്പെടുത്തി പാലത്തിന് അനുമതി നേടിയത്.
കാലതാമസം കൂടാതെ പാലത്തിന്റെ നിർമാണം പൂർത്തീകരിക്കാൻ കഴിയുമെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു.
#Flood-#damaged #Thottancherry #Bridge is #reborn