തിരുവനന്തപുരം: ( www.truevisionnews.com ) തിരുവനന്തപുരം ജില്ലയിലെ വർക്കല കാപ്പിൽ കായലിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് പുലർച്ചെ ഒരു മണിയോടുകൂടി മത്സ്യബന്ധനത്തിന് പോകുന്നവരാണ് യുവതിയുടെ മൃതദേഹം കായലിൽ കണ്ടെത്തിയത്. ഇടവ കാട്ടുവിള സ്വദേശിയായ രമ്യ നിവാസിൽ ലാലി(46)യാണ് മരണപ്പെട്ടത്. വിവരമറിഞ്ഞ് എത്തിയ അയിരൂർ പോലീസും വർക്കല ഫയർഫോഴ്സും ചേർന്ന് മൃതദേഹം കരയ്ക്കെത്തിച്ചു. ബോഡിക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ട്. യുവതിയുടെ വീടിന് സമീപത്തുള്ള കായലിൽ തന്നെയാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. തുടർന്ന് ബോഡി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഇൻക്വസ്റ്റ്, പോസ്റ്റുമോർട്ടം നടപടികൾ ഇന്നുതന്നെ നടക്കുമെന്നും അയിരൂർ പോലീസ് അറിയിച്ചു. രണ്ടുദിവസം മുമ്പ് യുവതിയെ വീട്ടിൽ നിന്നും കാണാതായതിനെ തുടർന്ന് മകൻ അയിരൂർ പോലീസിൽ പരാതി നൽകിയിരുന്നു. ദുരൂഹ സാഹചര്യത്തിലാണ് യുവതിയെ മരിച്ച നിലയിൽ കായലിൽ കണ്ടെത്തിയെങ്കിലും പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മാത്രമേ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു. ലാലിയുടെ ഭർത്താവ് നേരത്തെ മരിച്ചു. രമ്യ, രേഷ്മ, രഞ്ജിത് എന്നിവരാണ് മക്കൾ.
Woman's body found in lake
