കൂത്താട്ടുകുളം : (piravomnews.in) സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഐസലേഷൻ വാർഡ് നിർമാണത്തിൽ കൂടുതൽ അപാകതകൾ പുറത്ത്.
വാർഡിൽ വൈദ്യുതി കണക്‌ഷൻ നൽകിയിട്ടില്ല. താൽക്കാലിക കണക്‌ഷൻ ഉപയോഗിച്ചാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇവിടത്തെ ഇൻവെർട്ടർ സംവിധാനം തകരാറിലായതിനാൽ കറന്റ് പോയാൽ രോഗികൾ ഇരുട്ടിലാകും. ഇന്റർനെറ്റ് സംവിധാനവും കംപ്യൂട്ടറും നൽകിയിട്ടില്ല.
വാർഡിലെയും നഴ്സസ് മുറിയിലെയും ഫാൻ പ്രവർത്തിക്കുന്നില്ല. മെഡിക്കൽ ഗ്യാസ് അലാം, ഓട്ടോ ക്ലേവ്, റഫ്രിജറേറ്റർ എന്നിവ ഇൻസ്റ്റാൾ ചെയ്തു നൽകിയിട്ടില്ല. എമർജൻസി പ്രൊസീജ്യർ റൂമിലെ ടാപ്പ് പ്രവർത്തിക്കുന്നില്ല. സക്‌ഷൻ പരിശോധിച്ച് നൽകിയിട്ടില്ല.
വാഷ്ബേസിനുകളിൽ ലീക്കുണ്ട്. വലുപ്പം കുറഞ്ഞ വാഷ്ബേസിനുകൾ സ്ഥാപിച്ചിരിക്കുന്നതിനാൽ രോഗികൾക്കും ജീവനക്കാർക്കും ഉപയോഗിക്കാൻ ബുദ്ധിമുട്ടാണ്. കാർഡിയാക് ടേബിളും ഉപയോഗിക്കാനാകുന്നില്ല.
മഴ പെയ്താൽ കെട്ടിടത്തിന്റെ പല ഭാഗങ്ങളും ചോർന്നോലിക്കുന്ന സ്ഥിതിയാണ്. ഭിത്തിയിൽ വിള്ളലുകൾ വീണിട്ടുണ്ട്. മുറ്റത്ത് സ്ഥാപിച്ച എർത്ത് ബിറ്റ് ഉയർന്നു നിൽക്കുന്നതിനാൽ വാഹനങ്ങൾ കയറ്റാൻ സാധിക്കാത്ത സ്ഥിതിയാണ്. സെപ്റ്റിക് ടാങ്ക് നിർമാണത്തിലും അപാകതയുണ്ട്.
വളരെ ചെറിയ സെപ്റ്റിക് ടാങ്ക് നിർമിച്ചതിനാലാണു പെട്ടെന്ന് നിറഞ്ഞ് ശുചിമുറി ഉപയോഗിക്കാൻ പറ്റാതാകുന്നത് എന്നാണ് ആക്ഷേപം. തകരാറിലായ ശുചിമുറിയിൽ നിന്നും ദുർഗന്ധം വാർഡിൽ വ്യാപിക്കുന്നു. ഇപ്പോഴത്തെ സ്ഥിതിയിൽ വാർഡിൽ തുടർന്നാൽ രോഗം മൂർഛിക്കുന്ന സ്ഥിതിയാണെന്ന് രോഗികൾ പറഞ്ഞു.
ഇക്കാരണത്താൽ പലരും ഡിസ്ചാർജ് വാങ്ങി പോയി.ടൈൽ വിരിച്ചതിലെ അപാകത മൂലം രോഗികളെ എക്സ്റേ റൂമിലേക്ക് സ്ട്രെച്ചറിലോ വീൽചെയറിലോ കൊണ്ടുവരാൻ സാധിക്കില്ല.
ആശുപത്രിയുടെ മുൻഭാഗത്തു കൂടി എംസി റോഡു വഴി വാഹനത്തിലാണ് നടക്കാനാകാത്ത രോഗികളെ ഇപ്പോൾ എക്സ്റേ റൂമിൽ എത്തിക്കുന്നത്.
#Koothatkulam #Social #Health #Centre; More #anomalies out #there