കൊച്ചി : (piravomnews.in) നോർത്ത് പറവൂർ തേവൻതറവീട്ടിൽ ടി ടി പുഷ്പൻ കരുതലും കൈത്താങ്ങും അദാലത്തുവേദിയിൽ എത്തിയത് ഭിന്നശേഷിക്കാരിയായ മകളു ടെ തടഞ്ഞുവച്ച ക്ഷേമപെൻഷൻ തുടർന്നും കിട്ടണമെന്ന പരാതിയുമായാണ്.
26 വയസ്സുള്ള ഗ്രേഷ്മയ്ക്ക് 2013 മുതൽ ക്ഷേമപെൻഷൻ ലഭിച്ചിരുന്നു. എന്നാൽ, വരുമാനം കൂടുതലാണെന്ന കാരണം പറഞ്ഞ് പിന്നീട് തടഞ്ഞുവച്ചു. കഴിഞ്ഞ അദാലത്തിൻ മന്ത്രി പി രാജീവിന്റെ നിർദേശപ്രകാരം പ്രശ്നം പരിഹരിച്ച് തടഞ്ഞുവച്ച പെൻഷൻ ലഭ്യമാക്കിയിരുന്നു.
നിലവിൽ പലവിധ സാങ്കേതികപ്രശ്നങ്ങളാൽ ക്ഷേമപെൻഷൻ വീണ്ടും തടഞ്ഞിരിക്കുകയാണ്.
സാമ്പത്തികസ്ഥിതി മോശമായതിനാൽ ഭിന്നശേഷിക്കാരിയായ മകളുടെ ചികിത്സയ്ക്കായി പണം കണ്ടെത്താനും ബുദ്ധിമുട്ടുകയാണ് പുഷ്പൻ.
ഭാര്യക്ക് മകളെ ഒറ്റയ്ക്ക് നോക്കാൻ സാധിക്കാത്തതിനാൽ പുഷ്പന് ജോലിക്ക് പോകാനും സാധിക്കുന്നില്ല. അനുഭാവപൂർവം പരാതി കേട്ട ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു പെൻഷൻ തുടർന്നും നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
#Directed to #pay #withheld #pension