ആലങ്ങാട് : (piravomnews.in) നാടിന്റെ ജനകീയോത്സവമായ രണ്ടാമത് പഴന്തോട് ഫെസ്റ്റ് ചൊവ്വമുതൽ 29 വരെ വിവിധ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ചൊവ്വ പകൽ ഒമ്പതിന് ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി എം മനാഫ് പതാക ഉയർത്തും. വൈകിട്ട് ആറിന് മാരായിൽ ക്ഷേത്രാങ്കണത്തിൽനിന്ന് ആരംഭിക്കുന്ന ഘോഷയാത്ര വാർഡ് അംഗം മിനി ബാബു ഫ്ലാഗ് ഓഫ് ചെയ്യും.
രാത്രി ഏഴിന് നക്ഷത്രത്തടാകം സ്വിച്ച് ഓൺ ചെയ്‌ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് അധ്യക്ഷനാകും. എട്ടിന് കലാസന്ധ്യ ‘താരകം’ അരങ്ങേറും.
പഴന്തോട് ജലാശയത്തിൽ നക്ഷത്രത്തടാകമൊരുക്കും. വിവിധ കല–-സാംസ്‌കാരിക പരിപാടികൾ, ഭക്ഷ്യമേള എന്നിവയുണ്ടാകും. 25ന് രാത്രി ഏഴിന് ‘തരംഗം’ മെഗാ ഷോ.
26ന് രാത്രി ഏഴിന് കൊച്ചിൻ മൻസൂറിന്റെ വയലാർ ഗാനസന്ധ്യ. 27ന് വൈകിട്ട് 6.30ന് ഗ്രാമകലാസന്ധ്യ. രാത്രി 8.30ന് മ്യൂസിക് ബാൻഡ്. 28ന് രാത്രി ഏഴിന് ‘ലയസന്ധ്യ’. 29ന് വൈകിട്ട് സമാപനസമ്മേളനം. രാത്രി ഏഴിന് നക്ഷത്രരാവ്, മെഗാ ഷോ എന്നിവ നടക്കും.
വാർത്താസമ്മേളനത്തിൽ പി എസ് സുജിത്, സി പി പ്രദീപ്, ടി സി ജിനീഷ്, ടി പി പ്രദീപ് എന്നിവർ പങ്കെടുത്തു. ക്ലബ്ബുകൾ, സാംസ്‌കാരിക സംഘടനകൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ എന്നിവയുടെ സഹകരണത്തോടെയാണ് സംഘാടനം.
#Pazanthode #fest #starts #today