കൊച്ചി....(piravomnews. in) ഭക്ഷ്യ വിഷബാധ , എൻ സി സി ക്യാമ്പ് പിരിച്ചു വിട്ടു. കൊച്ചി, കാക്കാനാട് നടന്ന ക്യാമ്പിലെ ഭക്ഷ്യവിഷ ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 70 ഓളം വിദ്യാർഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. തൃക്കാക്കര കെ.എം.എം കോളജിൽ നടന്ന എൻ.സി.സി ക്യാമ്പിനിടെയാണ് ഭക്ഷ്യവിഷബാധയുണ്ടായത്.
തിങ്കളാഴ്ച ഉച്ചഭക്ഷണത്തിനുശേഷമാണ് കൂടുതൽ പേർക്ക് അസ്വസ്ഥത തുടങ്ങിയതെന്ന് വിദ്യാർഥികൾ പറഞ്ഞു. വൈകീട്ടോടെ ഒട്ടേറെപ്പേർ തളർന്നുവീണു. തുടർന്ന് പൊലീസ് വാഹനങ്ങളിലും ആംബുലൻസുകളിലും മറ്റു വാഹനങ്ങളിലുമായി വിദ്യാർഥികളെ ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു.കൂടുതൽ പേർക്കും കഠിനമായ വയറുവേദനയാണ്. ചിലർക്ക് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടു. രാത്രിയോടെയാണ് വിദ്യാർഥികളെ എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭക്ഷ്യ വിഷബാധയെ തുടർന്ന് കെ.എം.എം കോളജിൽ നടന്നുവന്ന എൻ.സി.സി ക്യാമ്പ് പിരിച്ചുവിട്ടു.
ക്യാമ്പിനിടെ സീനിയർ വിദ്യാർഥികൾ അടിച്ചെന്നും ഹൈസ്കൂൾ വിദ്യാർഥികൾ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ക്യാമ്പിൽ താൽപര്യമില്ലാത്ത ഒരു വിഭാഗം കുട്ടികൾ അനാവശ്യമായി ഉണ്ടാക്കിയ പ്രശ്നമാണന്നുമാണ് ചില കുട്ടികൾ പറയുന്നത്. തൃക്കാക്കര നഗരസഭയിലെ ആരോഗ്യവിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി.ഡിസംബർ 20നാണ് തൃക്കാക്കരയിൽ ക്യാമ്പ് തുടങ്ങിയത്. എൻ.സി.സി 21 കേരള ബറ്റാലിയൻ ക്യാമ്പിൽ 600ഓളം കുട്ടികളാണ് പങ്കെടുത്തിരുന്നത്
Food poisoning, NCC camp dismissed