കൊച്ചി: തൃപ്പൂണിത്തുറയിൽ കൈക്കൂലിയായി മദ്യം വാങ്ങിയ എക്‌സൈസ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് കേസെടുത്തു. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഉനൈസ് അഹമ്മദ് പ്രിവന്റിവ് ഓഫിസർ സാബു കുര്യാക്കോസ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. തൃപ്പൂണിത്തുറ പേട്ടയിലെ എക്സൈസ് ഓഫിസില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് പണത്തിനു പകരം പതിവായി മദ്യം കൈക്കൂലി വാങ്ങിയിരുന്ന രണ്ട് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം കുടുങ്ങിയത്. 2000 രൂപയോളം വില വരുന്ന നാല് ഫുള്‍ ബ്രാണ്ടി കുപ്പികളാണ് പരിശോധനയിൽ പേട്ടയിലെ എക്സൈസ് ഓഫിസില്‍ നിന്നും വിജിലൻസ് സംഘം കണ്ടെത്തിയത്. പേട്ടയിൽ ബീവറേജസ് മദ്യ സംഭരണശാലയുണ്ട്. ഇവിടെ നിന്ന് മദ്യ ലോഡുകള്‍ ഔട്ട് ലെറ്റുകളിലേക്കും ബാറുകളിലേക്കും കൊണ്ടു പോകാന്‍ എക്സൈസ് രജിസ്റ്ററില്‍ വിശദാംശങ്ങള്‍ രേഖപ്പെടുത്തണം. ഇങ്ങനെ രേഖപ്പെടുത്താന്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ കുപ്പി കൈക്കൂലി വാങ്ങിയിരുന്നെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. പ്രതിദിനം പത്തും പതിനാലും ലോഡാണ് പുറത്തു പോകുന്നത്. ലോഡൊന്നിന് രണ്ട് കുപ്പി വീതം ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയിരുവെന്നാണ് വിജിലൻസ് കണ്ടെത്തിയത്. കൈക്കൂലി കുപ്പികളിലൂടെ എക്സൈസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്ക് പ്രതിദിനം പതിനായിരത്തിനും പതിനയ്യായിരത്തിനുമിടയില്‍ അധിക വരുമാനം ലഭിക്കും. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് എക്സൈസ് ഉദ്യോഗസ്ഥരെ കുടുക്കിയത്.
bought as a bribe 4 full brandy; Case against excise officials.