കൊച്ചി: സ്കൂട്ടർ ഓട്ടോയുമായി കൂട്ടിയിടിച്ച് നവവരൻ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യക്ക് ഗുരുതര പരിക്കേറ്റു. എരൂർ റോഡിലുണ്ടായ അപകടത്തിൽ വിഷ്ണു വേണുഗോപാല്‍ (31) ആണ് മരിച്ചത്. ഭാര്യ കുറവിലങ്ങാട് മരങ്ങാട്ടുപള്ളി സ്വദേശി ആര്യയെ തലയ്ക്ക് ഗുരുതര പരിക്കുകളോടെ എറണാകുളം മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 7.30 ഓടെ എരൂർ ഗുരു മഹേശ്വര ക്ഷേത്രത്തിനുസമീപം പാലത്തിന്റെ ഇറക്കത്തിൽവച്ചായിരുന്നു അപകടം. എറണാകുളത്ത് രണ്ട് സ്ഥാപനങ്ങളിലായി ജോലി ചെയ്യുന്ന വിഷ്ണുവും ആര്യയും ജോലികഴിഞ്ഞ് ഒരുമിച്ച് സ്കൂട്ടറിൽ ബ്രഹ്മമംഗലത്തുള്ള വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. സ്കൂട്ടറും എതിരെവന്ന ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. വിഷ്ണുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഈ മാസം ഒന്നിനായിരുന്നു ഇവരുടെ വിവാഹം.
Navavara died in a car accident; Wife seriously injured