കൊച്ചി....ഗാനമേള സദസ്സുകളെ കോരിത്തരിപ്പിച്ച കലാകാരൻ മുരളി ആയക്കാട് തിരുവനന്തപുരത്ത് വാഹനാപകടത്തിൽ മരിച്ചു. അയിരൂർപാടം ആയക്കാട് മഠത്തികുടി വീട്ടിൽ മുരളീധരൻ നായർ(56) ആണ് മരിച്ചത്.ബൈക്കിനു പിന്നിൽ ഓട്ടോയിടിച്ച് പരിക്കേറ്റാണ് മുരളി മരണമടഞ്ഞത്.
തിരുവനന്തപുരം സോമതീരം ഗാനമേള ട്രൂപ്പിലെ ഗായകനായിരുന്നു.നിരവധി ട്രൂപ്പുകളിൽ മനോഹരമായ ഗാനങ്ങൾ ആലപിച്ച് സംഗീതപ്രേമികളുടെ മനം കവർന്ന ഗായകൻ കൂടിയായിരുന്നു മുരളി. കോതമംഗലം കോട്ടപ്പടി പെരുമ്പാവൂർ റൂട്ടിൽ ബസ് കണ്ടക്ടറായി മുരളി ജോലി ചെയ്തിട്ടുണ്ട്.തിങ്കളാഴ്ച രാത്രി ഒൻപതോടെ ബാലരാമപുരം-വിഴിഞ്ഞം റോഡിൽ മംഗലത്തുകോണത്തിനു സമീപമായിരുന്നു അപകടം.കോവളത്തെ സ്വകാര്യ റിസോർട്ടിലെ ജീവനക്കാരൻ കൂടിയായിരുന്ന മുരളി ജോലികഴിഞ്ഞ് തേമ്പാമുട്ടത്തുള്ള ക്വാർട്ടേഴ്‌സിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. പിന്നിൽനിെന്നത്തിയ ഓട്ടോറിക്ഷ മുരളിയുടെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്കു തെറിച്ചുവീണ് തലയ്ക്കും വാരിയെല്ലിനും പരിക്കേറ്റു. നാട്ടുകാരും പോലീസും ചേർന്ന് തിരുവനcന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും 9.30-ഓടെ മരിച്ചു. അപകടത്തിനിടയാക്കിയ ഓട്ടോ നിർത്താതെ പോയി. മൃതദേഹം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം ഇന്ന് രാവിലെ 11-ന് കോതമംഗലത്തെ വീട്ടുവളപ്പിൽ.മായാദേവിയാണ് ഭാര്യ. വിഷ്ണുമുരളീധരൻ, വിസ്മയ മുരളീധരൻ എന്നിവർ മക്കളാണ്. ബാലരാമപുരം പോലീസ് കേസെടുത്തു.
Singer Murali Ayakad died in a car accident