കോയമ്പത്തൂർ: എൽ ആൻഡ് ടി ബൈപ്പാസിൽ കാറും മിനി ലോറിയും കൂട്ടിയിടിച്ച് രണ്ടു മാസം പ്രായമായ കുഞ്ഞുൾപ്പെടെ തിരുവല്ല സ്വദേശികളായ മൂന്ന് പേർ മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ. തിരുവല്ല ഇരവിപേരൂർ കുറ്റിയിൽ കെ.സി.എബ്രഹാമിന്റെ മകൻ ജേക്കബ് എബ്രഹാം (60), ഭാര്യ ഷീല ജേക്കബ് (55), പേരക്കുട്ടി രണ്ടുമാസം പ്രായമായ ആരോൺ ജേക്കബ് തോമസ് എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മരുമകൾ എലീന തോമസ് (30)നെ ഗുരുതര നിലയിൽ സുന്ദരാപുരം അഭിരാമി ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെ മധുക്കര എൽ ആൻഡ് ടി ബൈ പാസിൽ നയാര പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. തിരുവല്ലയിൽനിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന കാറും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കൊറിയർ വാനുമാണ് നേർക്കുനേർ കൂട്ടിയിടിച്ചത്. മരുമകൾ അലീനയെയും കുഞ്ഞിനെയും ബെംഗളൂരുവിലേക്ക് കൊണ്ടാക്കാനായി പോകുന്നതിനിടെയാണ് അപകടം. മൃതദേഹങ്ങൾ കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Three people, including a two-month-old baby, died in a collision between a car and a mini-lorry.