തിരുവനന്തപുരം കിഴക്കേകോട്ടയില്‍ രണ്ടു ബസുകള്‍ക്കിടയില്‍പ്പെട്ട് കേരള ബാങ്ക് മാനേജറായ 52 കാരൻ മരിച്ചു. കെഎസ്‌ആർടിസി ബസ്സിനും പ്രൈവറ്റ് ബസ്സിനും ഇടയില്‍പ്പെട്ട് ആണ് മരണം സംഭവിച്ചത്. കേരള ബാങ്ക് സീനിയർ മാനേജർ കൊല്ലം ഇരവിപുരം സ്വദേശി ഉല്ലാസ് മുഹമ്മദ് (52) ആണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ ഉല്ലാസ് ബസ്സുകള്‍ക്കിടയില്‍ അകപ്പെട്ട് പോവുകയായിരുന്നു. രണ്ടു ബസ്സുകളുടെയും ഡ്രൈവർമാരെ അറസ്റ്റ് ചെയ്തു. കോവളം ഭാഗത്ത് നിന്നും വരികയായിരുന്നു കെഎസ്‌ആർടിസി ബസ്. കിഴക്കേക്കോട്ടയില്‍ എത്തി ബസ് യൂടേണ്‍ ഇടാനായി തിരിക്കുന്നന്നതിനിടെയാണ് അപകടം സംഭവിച്ചത്. കെഎസ്‌ആർടിസി ബസിന്‍റെ മുൻഭാഗത്ത് നിക്കുകയായിരുന്നു ഉല്ലാസ്. കെഎസ്‌ആർടിസി ബസ് മുന്നോട്ടെടുക്കുമ്ബോള്‍ പ്രൈവറ്റ് ബസ് കെഎസ്‌ആർടിസി ബസിന് മുന്നിലൂടെ വലത്തേക്ക് തിരിച്ചു. ഇതോടെ ഉല്ലാസ് രണ്ട് ബസുകള്‍ക്കിടയില്‍ പെട്ട് ഞെരുങ്ങുകയായിരുന്നു. ആളുകള്‍ ബഹളം വെച്ചതോടെയാണ് അപകടം തിരിച്ചറിഞ്ഞത്. ഉടനെ തന്നെ ഫോർട്ട് പൊലീസ് സ്ഥലത്തെത്തി. പൊലീസ് വാഹനത്തില്‍ ഉല്ലാസിനെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
Kerala Bank manager dies after getting stuck between buses