ചട്ടഞ്ചാൽ: (piravomnews.in) ഹണി ട്രാപ്പിലൂടെ നഗ്നചിത്രം പകർത്തി 59-കാരനിൽനിന്ന് അഞ്ചുലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ എട്ടുമാസമായി ഒളിവിൽ കഴിഞ്ഞ ആൾ പിടിയിൽ.
ചെമ്മനാട് മുണ്ടാങ്കുളത്തെ സയ്യിദ് റഫീഖിനെ (33)യാണ് മേൽപ്പറമ്പ് ഇൻസ്പെക്ടർ എ.സന്തോഷ്‌കുമാർ അറസ്റ്റു ചെയ്തത്.
രണ്ടുസ്ത്രീകളടക്കം ഏഴുപേരെ ഈ സംഭവത്തിൽ കഴിഞ്ഞ ജനുവരിയിൽ മേൽപ്പറമ്പ് പോലീസ് അറസ്റ്റുചെയ്തിരുന്നു. ബാര ഗ്രാമത്തിലെ മാങ്ങാട് സ്വദേശിയെയാണ് ഹണി ട്രാപ്പിൽ പെടുത്തിയിരുന്നത്.
നേരത്തേ അറസ്റ്റിലായ കുറ്റിക്കാട്ടൂരിലെ എം.പി.റുബീന (29) പാവപ്പെട്ട വിദ്യാർഥിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ജീവകാരുണ്യപ്രവർത്തകൻ കൂടിയായ പരാതിക്കാരനെ പഠനാവശ്യത്തിന് ലാപ്ടോപ്പ് വാങ്ങാൻ മംഗളൂരുവിലെത്തിച്ച് ഹോട്ടലിൽ കൊണ്ടുപോയി ചതിയിൽപ്പെടുത്തിയിരുന്നത്.
നഗ്നചിത്രം എടുത്ത് മറ്റു സംഘാംഗങ്ങളോടൊപ്പം പിന്നീട് നീലേശ്വരം പടന്നക്കാട്ടെ ഒരുവീട്ടിലെത്തിച്ച് സംഭവം നാട്ടുകാരോടും വീട്ടുകാരോടും പറയുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയിരുന്നത്.
സംഘത്തിന്റെ കാർ ഡ്രൈവറായാണ് റഫീഖ് പ്രവർത്തിച്ചിരുന്നത്. ഇയാളുടെ മൊബൈൽഫോൺ ലൊക്കേഷൻ നിരീക്ഷിച്ച പോലീസ് കാസർകോട്ടുവെച്ചാണ് പിടിച്ചത്.
എ.എസ്.ഐ. പി.ഷീല, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.പ്രദീപ്കുമാർ, സോജൻ തോമസ്, ഡ്രൈവർ സി.പി.ഒ. രാജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
റഫീഖിനെ ഹൊസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
#One more person was #arrested in the #case of #stealing 3money by copying nude #pictures #through #honey #trap