---
title: "#Cruiseboattrip | വാർധക്യം മാറ്റിവച്ച്‌ അവർ കടൽപ്പരപ്പിൽ  ആടിത്തിമർത്തു"
english_title: "They #put aside #their #old #age and #rocked on the #beach"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/215297/they-put-aside-their-old-age-and-rocked-on-the-beach"
published_at: "2024-06-27T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667cef2c8c802_boat.jpg"
keywords: []
---

# #Cruiseboattrip | വാർധക്യം മാറ്റിവച്ച്‌ അവർ കടൽപ്പരപ്പിൽ  ആടിത്തിമർത്തു

> **Lead Summary:** **കൊച്ചി : ** ജീവിതത്തിന്റെ അകത്തളങ്ങളിൽ കഴിയാൻ വിധിക്കപ്പെട്ട അവർ പുതുലോകത്തേക്ക്‌ ഇറങ്ങിവന്നു.

## Article Content

**കൊച്ചി : ** ജീവിതത്തിന്റെ അകത്തളങ്ങളിൽ കഴിയാൻ വിധിക്കപ്പെട്ട അവർ പുതുലോകത്തേക്ക്‌ ഇറങ്ങിവന്നു.

മുളവുകാടിന്റെ ഗ്രാമാന്തരങ്ങളിൽ വീട്ടകങ്ങളിൽ ഒതുങ്ങിക്കൂടി കഴിഞ്ഞ, 60 പിന്നിട്ട 145 പേർ നഗരകാഴ്ചയും ക്രൂസ്‌ ബോട്ട്‌ യാത്രയും പാട്ടും നൃത്തവുമായി ഒരുദിനം ആഘോഷമാക്കി.

സംസ്ഥാന സർക്കാരിന്റെ വയോജനസൗഹൃദ പരിപാടിയുടെ ഭാഗമായി മുളവുകാട്‌ പഞ്ചായത്ത്‌ ബുധനാഴ്ച സംഘടിപ്പിച്ച വേറിട്ട യാത്രയാണ്‌ സംഘം മനസ്സുനിറച്ച്‌ ആസ്വദിച്ചത്‌.

മുളവുകാട്‌ പഞ്ചായത്ത്‌ അടുത്തിടെ രൂപീകരിച്ച സീനിയർ സിറ്റിസൺ ഫോറത്തിന്റെ ആദ്യപരിപാടിയാണിത്‌. പകൽ 11ന്‌ സംഘം മറൈൻഡ്രൈവിൽ വന്നിറങ്ങിയപ്പോൾ, നിഷി കെ ജോണിന്റെ അത്യാധുനിക നിയോ ക്ലാസിക്‌ ക്രൂസ്‌ ബോട്ട്‌ തയ്യാറായിരുന്നു.

ഒരോരുത്തരായി ബോട്ടിലേക്ക്‌ ചുവടുവച്ചതിനുപിന്നാലെ 11.30ന്‌ സൗഹാർദ കടൽയാത്രയ്ക്ക്‌ തുടക്കമായി. മടിച്ചുനിന്നവരിൽ പലരും പാട്ടുപാടാനും കവിതചൊല്ലാനും തുടങ്ങി. നിമിഷങ്ങൾക്കകംതന്നെ ഏവരും പാട്ടിനൊപ്പം നൃത്തവുമായി.

ഇതിനിടെ ബോട്ട്‌ കായൽകടന്ന്‌ ഫോർട്ട്‌ കൊച്ചിയും വൈപ്പിനും പിന്നിട്ട്‌ അഴിമുഖത്തെത്തി. ബോട്ടിൽനിന്ന്‌ അനൗൺസ്‌മെന്റ്‌ ഉയർന്നതോടെ, നൃത്തച്ചുവടുകൾക്ക്‌ വിരാമമേകി അവർ കടൽപ്പരപ്പിലേക്ക്‌ ശ്രദ്ധതിരിച്ചു. ബോൾഗാട്ടി പാലസിലായിരുന്നു ഉച്ചഭക്ഷണം.

3.30ന്‌ തിരികെ മറൈൻഡ്രൈവിൽ എത്തി. വീണ്ടും വൈകാതെ യാത്ര ഒരുക്കണമെന്ന ആവശ്യവും ഉന്നയിച്ച്‌ അവർ വീടുകളിലേക്ക്‌ മടങ്ങി.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി എസ്‌ അക്‌ബർ, വൈസ്‌ പ്രസിഡന്റ്‌ റോസ്‌ മാർട്ടിൻ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ നിക്കോളാസ്‌ ഡിക്കോത്ത്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ യാത്ര സംഘടിപ്പിച്ചത്‌.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/215297/they-put-aside-their-old-age-and-rocked-on-the-beach)