---
title: "#koothattukulam | ഇത് സ്വപ്ന സാഫല്യം; രാധയും മക്കളും ഇനി പുതിയ വീട്ടിൽ "
english_title: "It's a #dream #come #true; #Radha and her #children are #now in a #new #home"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/215966/its-a-dream-come-true-radha-and-her-children-are-now-in-a-new-home"
published_at: "2024-06-29T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667fbf3b8df00_home.jpg"
keywords: []
---

# #koothattukulam | ഇത് സ്വപ്ന സാഫല്യം; രാധയും മക്കളും ഇനി പുതിയ വീട്ടിൽ 

> **Lead Summary:** **കൂത്താട്ടുകുളം : ** മതിൽകെട്ടി വഴിയടച്ചവർക്കുമുന്നിൽ തലയുയർത്തി രാധയും കുടുംബവും ഇനി പുതിയ വീടിന്റെ തണലിലേക്ക്.

## Article Content

**കൂത്താട്ടുകുളം : ** മതിൽകെട്ടി വഴിയടച്ചവർക്കുമുന്നിൽ തലയുയർത്തി രാധയും കുടുംബവും ഇനി പുതിയ വീടിന്റെ തണലിലേക്ക്.

കോൺഗ്രസ് നേതാവിന്റെ ഒത്താശയോടെ നടവഴി കെട്ടിയടച്ച് വീടുനിർമാണം മുടങ്ങിയ ഘട്ടത്തിൽ സിപിഐ എം പദ്ധതി പൂർത്തിയാക്കുകയായിരുന്നു.കൂത്താട്ടുകുളം നഗരസഭ 11–-ാം ഡിവിഷനിലെ കുളങ്ങരക്കുന്നേൽ രാധ സുരേഷിന്റെ ലൈഫ് ഭവനപദ്ധതിയാണ് സമീപവാസിയുടെ എതിർപ്പിനെ തുടർന്ന് മുടങ്ങിയത്.

15 വർഷത്തിലേറെയായി പത്താം ഡിവിഷനിൽ വാടകയ്‌ക്ക് താമസിച്ചിരുന്ന രാധയ്‌ക്കും കുടുംബത്തിനും കൗൺസിലർ സുമ വിശ്വംഭരന്റെ ഇടപെടലിൽ ലൈഫ് ഭവനപദ്ധതിയിൽ വീട് ലഭിച്ചു. ഇവരെ അറിയാവുന്ന കിഴക്കേ കൊച്ചുകുന്നേൽ മാത്യു ജോസഫ് 11–-ാം ഡിവിഷനിൽ മൂന്നുസെന്റ്‌ സൗജന്യമായി നൽകി.

എന്നാൽ, സമീപവാസി ഈ സ്ഥലത്തേക്കുള്ള വഴി മതിൽകെട്ടി അടച്ചു. പരമ്പരാഗതമായി ഉപയോഗിച്ചുകൊണ്ടിരുന്ന വഴി വില്ലേജ് സർവേ പ്ലാനിലുമുണ്ട്. പരാതികൾ നൽകിയെങ്കിലും പരിഹാരമായില്ല. ഇതോടെ വീടുപണി മുടങ്ങി.

ഫണ്ട്‌ മുടങ്ങിപ്പോകുമോയെന്ന ആശങ്കയിലായിരുന്നു രാധ. രോഗിയായ ഭർത്താവും രണ്ടു കുട്ടികളുമാണിവർക്ക്.

സംഭവം അറിഞ്ഞ സിപിഐ എം നേതാക്കളായ സി എൻ പ്രഭകുമാർ, സണ്ണി കുര്യാക്കോസ്, എം ആർ സുരേന്ദ്രനാഥ്, ഫെബിഷ് ജോർജ്, അനിൽ സ്കറിയ, നഗരസഭാ അധ്യക്ഷ വിജയ ശിവൻ, കൗൺസിലർ സുമ വിശ്വംഭരൻ തുടങ്ങിയവർ ചേർന്ന് 2022ൽ വീടിന് കല്ലിട്ടു.

കേസുണ്ടായെങ്കിലും രാധയുടെ വീടെന്ന ആഗ്രഹം നടപ്പാക്കാൻ പാർടി കൂടെനിന്നതോടെ സമീപവാസി നാലടി വീതിയിൽ വഴി വിട്ടുനൽകി. ചെറിയ തോടിനുമുകളിൽ കലുങ്ക് സ്ഥാപിച്ച് വഴി നിർമിച്ചു.

പുതിയ വൈദ്യുതിപോസ്റ്റ് സ്ഥാപിച്ച് കണക്‌ഷൻ നൽകി. തലച്ചുമടായി മണ്ണ്‌ ഉൾപ്പെടെയുള്ള നിർമാണസാമഗ്രികളെത്തിച്ച്‌ ഡിവൈഎഫ്ഐയും ഒപ്പമുണ്ടായി. വിവിധ സംഘടനകളുടെയും സഹായം ലഭ്യമാക്കിയാണ് പണികൾ പൂർത്തിയാക്കിയത്.

മൂന്നു മുറിയും ശുചിമുറിയും അടുക്കളയും സിറ്റൗട്ടും ഉൾപ്പെടുന്ന എല്ലാ പണികളും തീർത്ത വീട്ടിലേക്ക് രാധയും കുടുംബവും ഞായറാഴ്ച താമസം മാറ്റും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/215966/its-a-dream-come-true-radha-and-her-children-are-now-in-a-new-home)