കഥ ... ഒരു വോട്ട് കൈവിട്ടുപോയി
കമ്മറ്റിയോഗം തകൃതിയായി നടക്കുന്നതിനിടയിലാണ് ചെല്ലപ്പൻ മാഷ് ഞെട്ടിക്കുന്ന പുത്തൻ വാർത്ത അവതരിപ്പിക്കാൻ ശ്രമിച്ചത്. തെരഞ്ഞെടുപ്പ് സമയത്തെ അടിയന്തിര കമ്മറ്റിയാണ്. ഗൗരവമായി തന്ത്രങ്ങൾ ചർച്ച ചെയ്യുന്നതിനിടയിൽ മാഷിനതു പറയാതിരിക്കാൻ കഴിയുമായിരുന്നില്ല. ഒന്നുരണ്ടു തവണ മാഷ് കൈയ് പൊക്കിക്കാണിച്ചതാണ്. അപ്പോളൊക്കെ ഇരിക്കാൻ ആംഗ്യം കാണിക്കുകയായിരുന്നു അദ്ധ്യക്ഷൻ. മാഷ് ആ സംഭവം അറിയിക്കുന്നതിനുമുമ്പ് ഫോണിൽക്കൂടിയോ നേരിട്ടു വന്നോ മറ്റാരെങ്കിലും അറിയിക്കുകയാണെങ്കിൽ തനിക്കൊരുക്ഷീണമല്ലേ ! മുഖ്യ പ്രാസംഗികൻ തകർക്കുകയാണ്. മാഷിൻ്റെയുള്ളിൽ ആ സംഭവം തിളച്ചുമറിയുകയുമാണ്. എന്തൊരു ആത്മസംഘർഷം. ആ മനുഷ്യൻ പ്രസംഗം നിരുത്തുന്നമുറയ്ക് അവതരിപ്പിക്കാമെന്നു വിചാരിച്ചിട്ട് അയാൾ നിറുത്തുന്നുമില്ല. രണ്ടും കല്പിച്ച് ചെല്ലപ്പൻമാഷ് എഴുന്നേറ്റുനിന്ന് വിളിച്ചു പറഞ്ഞു "നിങ്ങളറിഞ്ഞോ ! ഒരു വോട്ട് കൈവിട്ടു പോയി!!!" മാഷ് ഇതു പറഞ്ഞു തീർന്നുടൻ പ്രാസംഗികൻ അതേറ്റെടുത്തു. "കണ്ടോ നമ്മുടെ ബഹുമാന്യനായ മാഷ് ഇതു പറയാനാണ് തിടുക്കം കാട്ടിയത്. പ്രാസംഗികൻ മാഷിനെ ഉപദേശിക്കാൻ തുടങ്ങി. "മാഷേ ഇത് ഇവിടെ വന്നു പറയാതെ എന്തു വില കൊടുത്തും ആ വോട്ട് നിലനിറുത്താൻ ശ്രമിക്കണമായിരുന്നു. ഇപ്പോളത്തെ പരിപാടി അറിയാമല്ലോ! തക്കം കിട്ടിയാൽ മറുകണ്ടം ചാടും. പണച്ചാക്കും കാലിച്ചാക്കുമായി ഓരോരുത്തർ നടക്കുന്ന കാലമാ! മാഷിരിക്ക് നമുക്ക് വിഷയം ചർച്ച ചെയ്യാം. സൃഹൃത്തുക്കളേ സാമ്പത്തിക സാഹചര്യം എല്ലാവർക്കുമറിയാമല്ലോ?വളരെ പാടുപെട്ട് പലിശയ്ക്കെടുത്ത പണം നമ്മുടെ കൈയിലെത്തിയിട്ടുണ്ട്. അത് പണ്ടത്തെപ്പോലെ വരാതെ സൂക്ഷിച്ചു കൈകാര്യം ചെയ്ത് നമ്മുടെ സ്ഥാനാർത്ഥിയെ വിജയിപ്പിച്ച് കൊടി പാറിക്കണം. ചെല്ലപ്പൻ മാഷ് പറഞ്ഞത് പരിഹരിക്കണം.ഇനിയാർക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടോ? വിശാലമായ മുറിയിൽ കൂടിയിരുന്ന പത്തോളം പെരുടെ മുഖത്തേക്ക് പ്രാസംഗികൻ മാറി മാറി നോക്കി. എല്ലാവരുടേയും മുഖത്ത് നിർവ്വികാരതയായിരുന്നു. മാഷിനേയും നോക്കി. എഴുന്നേൽക്കാൻ തുടങ്ങിയ മാഷിനോട് വീണ്ടും "ഇരിക്കുമാഷേ ചർച്ച ചെയ്യേണ്ട വിഷയമാണ്. മറ്റാർക്കെങ്കിലും വല്ലതും പറയാനുണ്ടോ" ഒരാൾ എഴുന്നേറ്റു "എനിക്കൊരു കാര്യം പറയാനുണ്ട്. ഞാനൊറ്റയ്ക്കു കുറച്ചോട്ടു പിടിച്ചിട്ടുണ്ട്. അതെൻ്റെ അറിവില്ലാതെ പോകത്തില്ല. അവർക്കു കൊടുക്കാൻ കുറച്ചു രൂപ തരണം. എനിക്കൊന്നും വേണ്ട" അതിനെതിരേ മറ്റൊരാളെഴുന്നേറ്റു. " ഇവൻ കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഇതേ അടവെടുത്തതാണ്. പ്രവർത്തനത്തിൽവന്നതുമില്ല രൂപയാർക്കും കൊടുത്തതുമില്ല. ഇപ്രാവശ്യമതു വേണ്ട. ഞങ്ങൾ നാലഞ്ചു പേരു ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ഞങ്ങൾക്കും ചെലവുണ്ട് " ഇപ്പോളും എഴുന്നേൽക്കാൻ മാഷിനെ അനുവദിച്ചില്ല. "മാഷിൻ്റെ പ്രശ്നത്തിൽ ഇടപെടാൻ പോവാണ്. എന്തു പറയുന്നു" എല്ലാവർക്കും സമ്മതം. " വിഷയം മാഷ് അവതരിപ്പിക്കണം. " അദ്ധ്യക്ഷൻ ക്ഷണിച്ചു. ഏതായാലും ആ സംഭവത്തിൻ്റെ ശക്തി ഇല്ലാതായി. ഇനി പതുക്കെ അവതരിപ്പിക്കാം. മാഷ് മനസ്സിൽ പറഞ്ഞു " പ്രിയമുളളവരേ. ഈ തെരഞ്ഞെടുപ്പു വേളയിൽ പാടില്ലാത്ത പലതും സംഭവിച്ചിരിക്കുന്നു. എല്ലാം നമ്മൾ കാണുകയും , കേൾക്കുകയും, പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ചില കാര്യങ്ങൾ അറിയുമ്പോൾ നമ്മൾ ബധിരരും, മൂകരുമാകുന്നു. അതു ശരിയാണോ? ഓരോരുത്തരും ചിന്തിക്കണം. വളരെ ആവേശത്തോടെ പറയാൻ വന്ന കാര്യം ആരും കേൾക്കാൻ തയ്യാറായില്ല. കൈവിട്ടു പോയ ആൾ മറ്റൊരു പാർട്ടിയിലേക്കല്ല, രോഗാതുരത കൊണ്ടും ,ഭക്ഷണം കൃത്യമായി ലഭിക്കാത്തതുകൊണ്ടും ഇലഞ്ഞി വി ഗംഗാധരൻ എന്ന വോട്ടർ ഈ ലോകത്തിൻ്റെ കൈവിട്ടു പോയി. ഏതായാലും എല്ലാവർക്കും കൂടി അവിടെ വരെയൊന്നു പോകാം. തെരഞ്ഞെടുപ്പു കാലമല്ലേ, ബാക്കിയുള്ളവരെക്കണ്ട് വോട്ടും ചോദിക്കാം. എന്താ
രചന....അടൂർ ആർ ശശിധരൻ +91 99468 85715
Story oru vote kaivittu poyi