മഞ്ചേരി: (piravomnews.in) വ്യാഴാഴ്ച ഉച്ചയോടെ മലപ്പുറം മേൽമുറിയിൽ ഓട്ടോറിക്ഷ കെ.എസ്.ആർ.ടി.സി. ബസിലിടിച്ച് പുൽപ്പറ്റ ഒളമതിൽ സ്വദേശികൾ മരിച്ചെന്ന വാർത്ത പരന്നപ്പോൾ പ്രദേശത്തുകാർക്ക് ആദ്യം വിശ്വസിക്കാനായില്ല.
കേട്ടവാർത്ത സത്യമാകരുതേയെന്ന് അവർ പ്രാർഥിച്ചു. പക്ഷേ, അപകടത്തിൽ മരിച്ചത് മണ്ണിങ്ങച്ചാലിൽ മുഹമ്മദ് അഷ്‌റഫും ഭാര്യ സാജിത, മകൾ ഫാത്തിമ ഫിദ എന്നിവരുമാണെന്നറിഞ്ഞപ്പോൾ നാട് നടുങ്ങി. ഇതോടെ അഷ്‌റഫിന്റെ അക്കരമ്മൽ വീട്ടിലേക്ക് ആളുകൾ കൂട്ടമായെത്തി.
ഉറ്റവരുടെ മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽകോളേജിൽ പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയതറിഞ്ഞ അവർ വീട്ടിൽ പരേതർക്കുവേണ്ടിയുള്ള പ്രാർഥനയിൽ മുഴുകി.
രാവിലെ പതിനൊന്നരയോടെയാണ് അഷ്‌റഫും സാജിതയും രണ്ടാമത്തെ മകൾ ഫാത്തിമ ഫിദയെ മലപ്പുറം ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ്‌വണ്ണിന് ചേർക്കാനായി വീട്ടിൽനിന്നു പുറപ്പെട്ടത്.
സ്‌കൂളിലെത്താൻ ഏതാനും കിലോമീറ്ററുകൾ മാത്രം ശേഷിക്കേയാണ് ഓട്ടോ നിയന്ത്രണംവിട്ട് എതിരേവന്ന ബസിലിടിച്ച് മൂന്നുപേരുടെയും ജീവൻ പൊലിഞ്ഞത്.
മഹ്‌മിദ ഷെറിൻ,ഫാത്തിമ ഫൈഹ, മുഹമ്മദ് അഷ്‌ഫഖ് എന്നീ മൂന്നു മക്കളെയും അക്കരമ്മൽ വീട്ടിൽ തനിച്ചാക്കിയാണ് മൂവരും യാത്രയായത്.
ഏറെക്കാലം പ്രവാസിയായിരുന്ന മുഹമ്മദ് അഷ്‌റഫ് ശിഷ്ടകാലം ഭാര്യക്കും മക്കൾക്കുമൊപ്പം കഴിയാൻ മൂന്നുവർഷം മുൻപാണ് തിരിച്ചെത്തിയത്.
നാട്ടിൽ ചെറിയ ഇലക്‌ട്രിക്കൽ ജോലികൾ ചെയ്തായിരുന്നു ജീവിതം. മക്കളെ പഠിപ്പിച്ച് നല്ല നിലയിലെത്തിക്കണമെന്നായിരുന്നു ഈ രക്ഷിതാക്കളുടെ ആഗ്രഹം.
എല്ലാ പ്രതീക്ഷകളും കീഴ്‌മേൽമറിച്ച് ഇവർ യാത്രയാകുമ്പോൾ അവശേഷിക്കുന്ന മൂന്നു മക്കൾ അനാഥരാകുകയാണ്. അഷ്‌റഫിന്റെ എഴുപതുവയസ്സായ ഉമ്മയും മൂന്നു സഹോദരിമാരും മാത്രമാണ് അവരുടെ ആശ്രയം.
The #woman who #hugged and #said she would meet #again #died on the #road, and her #parents who #said they would come now