---
title: "#fine | ബസ് തടഞ്ഞ് ഡ്രൈവറെ മര്‍ദിച്ച  കാര്‍ യാത്രികന്‌ പിഴ"
english_title: "The car #passenger who #stopped the #bus and #beat the #driver was #fined"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/212511/the-car-passenger-who-stopped-the-bus-and-beat-the-driver-was-fined"
published_at: "2024-06-16T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666e6ca2b80ed_fine.jpg"
keywords: []
---

# #fine | ബസ് തടഞ്ഞ് ഡ്രൈവറെ മര്‍ദിച്ച  കാര്‍ യാത്രികന്‌ പിഴ

> **Lead Summary:** **തൃക്കാക്കര :** കാക്കനാട്–-കലൂര്‍ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസി​ന്റെ സഞ്ചാരം തടസ്സപ്പെടുത്തി ഡ്രൈവറെ മര്‍ദിച്ച കാര്‍ യാത്രക്കാരന് ആര്‍ടിഒ പിഴയിട്ടു.

## Article Content

**തൃക്കാക്കര :** കാക്കനാട്–-കലൂര്‍ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസി​ന്റെ സഞ്ചാരം തടസ്സപ്പെടുത്തി ഡ്രൈവറെ മര്‍ദിച്ച കാര്‍ യാത്രക്കാരന് ആര്‍ടിഒ പിഴയിട്ടു.

എറണാകുളം സ്വദേശി റിനോയ് സെബാസ്റ്റ്യന്‍ എന്നയാള്‍ക്കാണ് പിഴയിട്ടത്. ഇയാളും സുഹൃത്തുമാണ് കാറിലുണ്ടായിരുന്നത്. കാക്കനാട്ടുനിന്ന്‌ എറണാകുളത്തേക്ക് ബാനര്‍ജി റോഡ്‌വഴി, നിറയെ യാത്രക്കാരുമായി സര്‍വീസ് നടത്തിയ ബസിന് കലൂർ സ്റ്റേഡിയംമുതലാണ് റിനോയ് സെബാസ്റ്റ്യന്‍ മാര്‍​ഗതടസ്സം ഉണ്ടാക്കിയത്.

ബസിനെ കടത്തിവിടാതെ വേ​ഗം കുറച്ച് കാര്‍ ഓടിക്കുകയായിരുന്നു. ഒരു കിലോമീറ്റർ ദൂരം ഇത്തരത്തില്‍ തടസ്സം സൃഷ്ടിച്ചു. കലൂർ, മണപ്പാട്ടിപ്പറമ്പ് സിഗ്നലുകളിൽ ബസിനെ തടഞ്ഞിടാനും കാർ യാത്രക്കാർ ശ്രമിച്ചു . ലിസി ജങ്ഷനിൽ ബസ് കാറിനെ മറികടന്നു.

പിന്തുടർന്ന് തെറ്റായ ദിശയിൽ കാർ എത്തുന്നത് കണ്ട് ഭയന്ന് ഡ്രൈവർ ബ്രേക്ക് ചവിട്ടിയപ്പോൾ തൊട്ടുമുമ്പിലെ മറ്റൊരു കാറിൽ ബസ് ഇടിച്ചു. തുടർന്ന് പിന്നാലെയെത്തിയ റിനോയ് സെബാസ്റ്റ്യനും സുഹൃത്തും ചേർന്ന് ബസ് ഡ്രൈവർ പി എ നവാസിനെ മർദിച്ചു.

അപകടമുണ്ടാക്കിയ ബസ് ഡ്രൈവറെ മർദിക്കുന്ന രീതിയിലായിരുന്നു യുവാക്കൾ സംഘർഷമുണ്ടാക്കിയത്. ഇതുവഴി വന്ന മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എ ആർ രാജേഷ് വിഷയത്തിൽ ഇടപെട്ടു.

രണ്ട്‌ വാഹനങ്ങളും പരിശോധിച്ചപ്പോള്‍ കാര്‍ യാത്രക്കാര്‍ പൊതു​ഗതാ​ഗതം തടസ്സപ്പെടുത്തിയെന്ന് ബോധ്യപ്പെട്ടതിനാല്‍ ആർടിഒക്ക് റിപ്പോർട്ട് നൽകി.

കാറിൽ നിയമവിരുദ്ധമായി ഘടിപ്പിച്ച പത്തോളം ലൈറ്റുകളുണ്ടായിരുന്നു. കാറി​ന്റെ നമ്പർ പ്ലേറ്റ്, ബംബർ എന്നിവ നിയമവിരുദ്ധരീതിയിലായിരുന്നു.

പിഴശിക്ഷ കൂടാതെ വാഹനത്തി​ന്റെ രജിസ്ട്രേഷൻ താൽക്കാലികമായി റദ്ദാക്കാനും ആർടിഒ കെ മനോജ് നിർദേശിച്ചു. ഇരുഡ്രൈവർമാരുടെയും വിശദീകരണം കേട്ടശേഷം ആര്‍ടിഒ തുടർനടപടി സ്വീകരിക്കും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/212511/the-car-passenger-who-stopped-the-bus-and-beat-the-driver-was-fined)