പറവൂർ : (piravomnews.in) ഇടപ്പള്ളി–മൂത്തകുന്നം ദേശീയപാത 66 നിർമാണത്തിന്റെ ഭാഗമായി പണിയുന്ന മൂത്തകുന്നം -കോട്ടപ്പുറം പാലത്തിന്റെ തൂണുകളുടെ ബലപരിശോധന തുടങ്ങി.
കോട്ടപ്പുറം പാലത്തിലെ തൂണുകളുടെ കമ്പികൾ പുറത്തുകാണുന്നതും കൈകൊണ്ടു തോണ്ടുമ്പോൾ കോൺക്രീറ്റ് ഇളകിപ്പോകുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
തൂണുകളുടെ നിർമാണത്തിൽ അപാകമുണ്ടെന്ന പരാതി ഉയർന്നതിനെത്തുടർന്ന് ദേശീയപാത അധികൃതർ വെള്ളത്തിനുമുകളിലുള്ള ഭാഗത്ത് പരിശോധന നടത്തിയിരുന്നു.
വെള്ളത്തിനടിയിലുള്ള ഭാഗത്തെ പരിശോധനയും നടത്തണമെന്ന ആവശ്യം വ്യാപകമായതോടെയാണ് പുഴയിൽ വെള്ളത്തിന്റെ അടിയിലുള്ള ഭാഗത്തെ കോൺക്രീറ്റിന്റെ ഉറപ്പ് പരിശോധിച്ചത്.
ആദ്യപരിശോധനയിൽ ഗുരുതരമായ പ്രശ്‌നങ്ങൾ കണ്ടെത്താനായില്ലെന്ന് എൻഎച്ച്എഐ അധികൃതർ വിലയിരുത്തിയിരുന്നു. പുറംഭാഗത്തെ കമ്പികൾ പുറത്തുകാണുന്നത് നിർമാണത്തിൽ സാധാരണയാണെന്നും അറ്റകുറ്റപ്പണിയിലൂടെ പരിഹരിക്കാമെന്നും കരാർക്കമ്പനി അധികൃതരും പറഞ്ഞു.
വെള്ളത്തിന്റെ അടിയിലുള്ള ഭാഗത്തെ കോൺക്രീറ്റിന്റെ ഉറപ്പുകൂടി പരിശോധിച്ചശേഷം തുടർനിർമാണം നടത്താമെന്ന നിർദേശത്തെത്തുടർന്നാണ് ഇപ്പോൾ വീണ്ടും പരിശോധന നടത്തിയത്.
പുഴയുടെ അടിയിലെ കുറച്ച് കോൺക്രീറ്റ് എടുത്ത് ലാബിൽ പരിശോധനയ്‌ക്ക് അയക്കുമെന്ന് എൻഎച്ച്എഐ ഉദ്യോഗസ്ഥർ പറഞ്ഞു.
#Strength #testing of #pillars of #Moothakunnam-#Kottapuram #bridge has #started