---
title: "#Paravur | വസ്തു നികുതി അടയ്‌ക്കാനെത്തുന്നവരെ വട്ടംകറക്കി പറവൂർ നഗരസഭ"
english_title: "#Paravur #Municipal #Corporation #rounded up #those who come to pay #property #tax"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/194685/paravur-municipal-corporation-rounded-up-those-who-come-to-pay-property-tax"
published_at: "2024-03-27T05:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660367056102b_paravur.jpg"
keywords: []
---

# #Paravur | വസ്തു നികുതി അടയ്‌ക്കാനെത്തുന്നവരെ വട്ടംകറക്കി പറവൂർ നഗരസഭ

> **Lead Summary:** പറവൂർ : വസ്തു നികുതി അടയ്‌ക്കാൻ നഗരസഭയിലെത്തുന്നവരെ ഇല്ലാത്ത കുടിശ്ശികയുടെ പേരില്‍ ബുദ്ധിമുട്ടിക്കുന്നതായി പരാതി.

## Article Content

പറവൂർ : വസ്തു നികുതി അടയ്‌ക്കാൻ നഗരസഭയിലെത്തുന്നവരെ ഇല്ലാത്ത കുടിശ്ശികയുടെ പേരില്‍ ബുദ്ധിമുട്ടിക്കുന്നതായി പരാതി.

കെ സ്മാര്‍ട്ടിലൂടെയാണ് നികുതിപിരിവ് നടക്കുന്നത്. എന്നാല്‍, പറവൂര്‍ ന​ഗരസഭാ ഭരണസമിതിയുടെ അനാസ്ഥമൂലം മുഴുവന്‍ വീടുകളുടെയും വ്യാപാര സമുച്ചയങ്ങളുടെയും കെട്ടിട നമ്പറുകള്‍ ഡാറ്റാബേസില്‍ ചേര്‍ത്തിട്ടില്ല.

പറവൂര്‍ ന​ഗരസഭാ പരിധിയിലുള്ള 13,000 കെട്ടിടങ്ങളില്‍ 5000ത്തിലധികം കെട്ടിടങ്ങള്‍ ഇപ്പോഴും ഡാറ്റാബേസില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇക്കാരണത്താല്‍ യാഥാര്‍ഥ നികുതിയും കുടിശ്ശികയും തിട്ടപ്പെടുത്താനാകുന്നില്ല.

മുന്‍വര്‍ഷങ്ങളില്‍ നികുതി അടച്ചവരോട് നികുതി കുടിശ്ശികയുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇവർക്ക് ഡിമാൻഡ് നോട്ടീസ് ഉൾപ്പെടെ അയക്കുകയും ചെയ്തു. നിലവിലുള്ള മാന്വൽ രജിസ്റ്റർ അപൂർണമായ നിലയിലാണ്.

മുൻവർഷങ്ങളിൽ നികുതി അടച്ചവരുടെ വിവരങ്ങൾപോലും ഇതിലില്ല. അറുനൂറ്റിയറുപത്‌ ചതുരശ്രയടിയിൽ താഴെയുള്ള വീടുകൾക്ക് നികുതി പൂർണമായും ഒഴിവാക്കി സർക്കാർ ഇളവ് ചെയ്തിട്ടുണ്ട്. സർക്കാർ ഉത്തരവ് നിലനിൽക്കെ അത്തരം ചെറിയ വീടുകൾക്കും നഗരസഭ നികുതി അടയ്‌ക്കാനുള്ള നോട്ടീസ് അയക്കുകയാണ്.

ഇത് നിയമവിരുദ്ധ നടപടിയാണെന്നും പ്രതിഷേധാർഹമാണെന്നും എൽഡിഎഫ് കൗൺസിലർമാർ പറഞ്ഞു. നികുതി ഒഴിവാക്കി കിട്ടുന്നതിന് നിരവധിപേർ നഗരസഭയിൽ നൽകിയ അപേക്ഷകൾപോലും കാണാതായെന്നാണ് വിവരം.

ജില്ലയിൽ ഏറ്റവും ഉയർന്ന കെട്ടിടനികുതി ഈടാക്കുന്ന നഗരസഭയാണ് പറവൂർ. എന്നാൽ, വൻകിടക്കാരിൽനിന്ന്‌ കോടികളാണ് നികുതി ഇനത്തിൽ നഗരസഭയ്ക്ക് കിട്ടാനുള്ളത്. ഇവര്‍‌ക്ക് ഡിമാൻഡ് നോട്ടീസ് പോലും അയക്കാതെ നഗരസഭാ ഭരണനേതൃത്വം നടത്തുന്ന ഒത്തുകളിമൂലം കോടികളുടെ വരുമാന നഷ്ടമാണ് നഗരസഭയ്ക്കുണ്ടാകുന്നത്.

31നകം നികുതിപിരിവ് പൂർത്തിയാക്കാനിരിക്കെ മൂന്ന് കോടിയോളം രൂപ ഇനിയും പിരിച്ചെടുക്കാ‌നുണ്ട്. നികുതിപിരിവിന്റെ പേരിൽ നഗരസഭ നടത്തുന്ന ജനദ്രോഹ നടപടികൾ ഉടൻ അവസാനിപ്പിക്കണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു.

കെടുകാര്യസ്ഥത അവസാനിപ്പിച്ച് കെട്ടിടങ്ങളുടെ ഡാറ്റാബേസ് പൂർണമാക്കണമെന്നും സർക്കാർ ഉത്തരവിൽ നികുതി ഇളവിന് അർഹരായ വീട്ടുടമകളിൽനിന്ന് നികുതി പിരിച്ചത് തിരികെ നൽകണമെന്നും നഗരസഭാ പ്രതിപക്ഷനേതാവ് ടി വി നിഥിൻ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/194685/paravur-municipal-corporation-rounded-up-those-who-come-to-pay-property-tax)