പിറവം : (piravomnews.in) എടയ്ക്കാട്ടുവയൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളെയും ആമ്പല്ലൂർ പഞ്ചായത്തിലൂടെയുള്ള സംസ്ഥാനപാതയെയും ബന്ധിപ്പിക്കുന്ന റോഡ് വികസന പദ്ധതി ഉടൻ ആരംഭിക്കും.
തോമസ് ചാഴികാടൻ എംപിയുടെ ശ്രമഫലമായി അനുവദിച്ച പേപ്പതി–--തൃപ്പക്കുടം റോഡിന്റെ പണികളാണ് ഉടൻ ആരംഭിക്കുന്നത്. 15 കിലോമീറ്റർ റോഡിന് 20 കോടി രൂപ അനുവദിച്ചു.
ആറുമീറ്റർ വീതിയിലാണ് നിർമാണം. കലുങ്കുകൾ, സംരക്ഷണഭിത്തികൾ തുടങ്ങിയവയുടെ നിർമാണമാണ് ഉടൻ ആരംഭിക്കുക. നടക്കാവ് റോഡിലെ പേപ്പതിയിൽനിന്ന് ആരംഭിച്ച് -വെളിയനാട് -തിരുമറയൂർ- വട്ടപ്പാറവരെയുള്ള റോഡും ആരക്കുന്നം–--എടയ്ക്കാട്ടുവയൽ, ഒലിപ്പുറം, തൃപ്പക്കുടം റോഡും ചേർത്താണ് ദേശീയപാത നിലവാരത്തിൽ വികസിപ്പിക്കുക.
നടക്കാവ്–-കൂത്താട്ടുകുളം സംസ്ഥാനപാതയിലെ പേപ്പതിമുതൽ കോട്ടയം എറണാകുളം സംസ്ഥാനപാതയിലെ ആമ്പല്ലൂർ പഞ്ചായത്തിലെ തൃപ്പക്കുടംവരെ റോഡ്‌വികസനം വരുമ്പോൾ പുതിയൊരു സമാന്തരപാത രൂപപ്പെടും.
പേപ്പതിയിൽനിന്ന് ആരക്കുന്നം, മുളന്തുരുത്തി ടൗണുകൾ എത്താതെ ആമ്പല്ലൂരിലേക്കും സംസ്ഥാനപാതയിലെ ആമ്പല്ലൂർ തൃപ്പക്കുടത്തേക്കും എത്താൻ ഈ റോഡ് ഉപകരിക്കും.
തിരുമറയൂർ ക്ഷേത്രം, ചിന്മയ അന്തർദേശീയ പഠനകേന്ദ്രം, വെളിയനാട് സ്കൂളുകൾ, പഞ്ചായത്ത് ഓഫീസ്, കാഞ്ഞിരമറ്റം പള്ളി, എടയ്ക്കാട്ടുവയൽ സ്കൂൾ, തൊട്ടൂർ ഗവ.ആശുപത്രി തുടങ്ങിയ വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്രയും എളുപ്പമാകും.
പാലംവഴി വെള്ളൂർ എച്ച്പിസിയിലേക്ക് എളുപ്പം എത്താനും റോഡ് വികസനം ഉപകരിക്കും. എടയ്ക്കാട്ടുവയൽ, ആമ്പല്ലൂർ പഞ്ചായത്തിലെ ഉൾനാടുകളിലൂടെ കടന്നുപോകുന്ന രണ്ട് പ്രധാന റോഡുകളുടെ വികസനത്തോടെ നാടിന്റെ മുഖഛായതന്നെ മാറുമെന്നാണ് പദ്ധതി ആവിഷ്കരിച്ച എംപിയുടെ വിലയിരുത്തൽ.
ജൽജീവൻ പദ്ധതിയുടെ ഭാഗമായി നടക്കുന്ന പൈപ്പിടൽ ജോലികൾ പൂർത്തിയായാൽ റോഡ്പണി ആരംഭിക്കും.
#Edakkattuwayal, #Amballur #road #development #project will start soon;# ThomasChazhikadan