കളമശേരി : (piravomnews.in) കളമശേരി മണ്ഡലത്തിന്റെ വിവിധ മേഖലകളിലെ വികസനത്തിന് പദ്ധതികൾ പ്രഖ്യാപിച്ചു.
കായിക–സാംസ്‌കാരിക കേന്ദ്രങ്ങള്‍, ഓപ്പണ്‍ ജിം, വിനോദകേന്ദ്രങ്ങൾ എന്നിവ ഉറപ്പാക്കുന്ന പദ്ധതികളാണ് മന്ത്രി പി രാജീവ് പത്തടിപ്പാലം റസ്റ്റ് ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്.
വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്ന 18.64 കോടി രൂപയുടെ പദ്ധതിക്ക് പുറമെയാണിത്. കളിസ്ഥലങ്ങള്‍, ഓപ്പൺ ജിം തുടങ്ങിയവ ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു. കൊച്ചി സര്‍വകലാശാലയിൽ 10 കോടി രൂപ മുടക്കിയുള്ള സ്റ്റേഡിയം നിര്‍മാണം അന്തിമഘട്ടത്തിലാണ്.
കളമശേരി ഗ്ലാസ് കോളനിയില്‍ ഓപ്പണ്‍ ജിമ്മും ഓപ്പണ്‍ എയര്‍ സ്റ്റേജും നിര്‍മാണം പൂര്‍ത്തിയായി. കുന്നുകരയിലും ഓപ്പണ്‍ സ്റ്റേജിനുള്ള ഫണ്ട് മാറ്റിവച്ചിട്ടുണ്ട്. കങ്ങരപ്പടിയില്‍ കളിക്കളവും സ്റ്റേജും ഇരിപ്പിടവും നിര്‍മിക്കുന്നതിന് 99 ലക്ഷം രൂപ അനുവദിച്ചു. കടുങ്ങല്ലൂര്‍ സ്‌കൂളിനോട് ചേര്‍ന്നുള്ള കളിക്കളം നിര്‍മാണത്തിന് 50 ലക്ഷം രൂപ വകയിരുത്തി.
സിഎസ്ആര്‍ പദ്ധതിയിലൂടെ വട്ടേക്കുന്നത്ത് കാര്‍ബോറാണ്ടം കമ്പനി ഒരു ടര്‍ഫ് നിര്‍മിക്കും; നടപടി പൂര്‍ത്തിയായിവരുന്നു. സാംസ്‌കാരിക വകുപ്പിന്റെ സഹായത്തോടെ ആലങ്ങാട് പഴന്തോടിനോടുചേര്‍ന്ന് സാംസ്‌കാരികകേന്ദ്രം ആരംഭിക്കാനും പ്രവൃത്തി തുടങ്ങി. കരുമാല്ലൂരിലെ തടിക്കകടവ് പാലത്തിനോടുചേര്‍ന്ന് ഓപ്പണ്‍ ജിമ്മും കുട്ടികളുടെ പാര്‍ക്കും ആരംഭിക്കാനുള്ള നടപടി പൂര്‍ത്തിയായി.
സിയാലിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ബ്രിഡ്ജ് ടൂറിസത്തിന്റെ ഭാഗമായി തടിക്കകടവ് പാലം ദീപാലംകൃതമാക്കാനും പദ്ധതിയുണ്ട്.
#Projects have been #announced for #development in various areas of #Kalamasery #constituency