പിറവം : (piravomnews.in) പാമ്പാക്കുട, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ തോമസ് ചാഴികാടൻ എംപിയുടെ ശ്രമഫലമായി അനുവദിച്ച വിവിധ റോഡുകളുടെ നിർമാണം വേഗത്തിലാക്കാൻ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേർന്ന അവലോകനയോഗത്തിൽ തീരുമാനം.
പിഎംജിഎസ്‌വൈ പദ്ധതിയിൽ അഞ്ച് റോഡുണ്ട്. ഇലഞ്ഞിയിലെ കൊച്ചേരിത്താഴം–-പള്ളത്തുകുഴി–- ചീപ്പുംപടി–-വളയാമ്പറയില്‍ റോഡ് (2.91 കോടി), തിരുമാറാടിയിലെ ചെറ്റേപ്പീടിക–-തട്ടേക്കാട്–-മണ്ണത്തൂർ (2.74 കോടി), മുളന്തുരുത്തി, മണീട് പഞ്ചായത്തുകളിലൂടെയുള്ള -മേമ്മുഖം–-ആരക്കുന്നം–-മണീട് (3.60 കോടി) എന്നീ റോഡുകൾ ഈ വർഷം പൂർത്തിയാക്കും.
മണീടിലെ വെട്ടിക്കൽ–-വെട്ടിച്ചിറ–--മുടക്കോട്ടിച്ചിറ–- സെന്റ് തോമസ് ചർച്ച് (11.75 കോടി), പാമ്പാക്കുട പഞ്ചായത്തിലെ ശിവലി–-ശൂലം–വിലങ്ങുപാറ–-ആറ്റുവേലിക്കുഴി-–-ആൽപ്പാറ- (2.41 കോടി) എന്നീ റോഡുകളുടെ ടെൻഡർ നടപടികൾ പൂർത്തിയായി. സിആര്‍ഐഎഫ് പദ്ധതിയിൽ എടക്കാട്ടുവയല്‍, ആമ്പല്ലൂര്‍ പഞ്ചായത്തുകളിലെ ആരക്കുന്നം–-ഒലിപ്പുറം–-തൃപ്പക്കുടം–-പേപ്പതി–-വട്ടപ്പാറ റോഡിന്റെ (കേന്ദ്ര റോഡ് ഫണ്ട് 20 കോടി) നിർമാണം അടുത്തമാസം 31നുമുമ്പ് ആരംഭിക്കും.
ജൽ ജീവന്‍ മിഷന്‍ പൈപ്പ്‌ലൈന്‍ ജോലികള്‍ വേഗത്തിൽ പൂർത്തിയാക്കും. ചെറ്റേപ്പീടിക–-തട്ടേക്കാട്–-മണ്ണത്തൂര്‍ റോഡിന്റെ പണികള്‍ രണ്ടുദിവസത്തിനകം പുനരാരംഭിക്കണമെന്ന് കരാറുകാരന് എംപി നിര്‍ദേശം നല്‍കി. പണി നടക്കുന്ന പ്രദേശങ്ങൾ എംപിയും ജനപ്രതിനിധികളും സന്ദർശിച്ചു.
യോഗത്തിൽ തോമസ് ചാഴികാടൻ എംപി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് ഷാജു, പഞ്ചായത്ത് പ്രസിഡന്റുമാരായ സന്ധ്യമോള്‍ പ്രകാശ്, കെ ആർ ജയകുമാര്‍, തോമസ് തടത്തില്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസൺ വി പോൾ, സിപിഐ എം ഏരിയ സെക്രട്ടറി പി ബി രതീഷ്, ടോമി കെ തോമസ്, ജോര്‍ജ് ചമ്പമല, എക്‌സിക്യൂട്ടീവ് എൻജിനിയര്‍ കെ പി സാജന്‍ തുടങ്ങിയവര്‍ ചർച്ചകളിൽ പങ്കെടുത്തു.
The #construction of #Piravam rural #roads will be #speeded up