ചോറ്റാനിക്കര : (piravomnews.in) ചോറ്റാനിക്കര പഞ്ചായത്തിൽ യുഡിഎഫ് ഭരണകാലത്ത് ‘സാഫല്യം’ പദ്ധതിയിൽ നിർമിച്ച ഫ്ലാറ്റ് തകർച്ചാഭീഷണിയിൽ.
നിർമാണത്തിലെ അഴിമതിയും അപാകവും കാരണം ഫ്ലാറ്റിന്റെ സൺഷെയ്‌ഡിന്റെ ഭാഗങ്ങൾ അടർന്നുവീഴാൻ തുടങ്ങിയതോടെ ഇവിടെയുള്ള കുടുംബങ്ങളും ഭീതിയിലായി.2010–--15ൽ യുഡിഎഫ് ഭരണസമിതിയുടെ കാലത്താണ് ഭവനനിർമാണ ബോർഡിന്റെ നേതൃത്വത്തിൽ ഫ്ലാറ്റ് നിർമിച്ചത്.
ഏഴാം വാർഡിൽ ഇ എം എസ് ഭവനപദ്ധതിക്കായി വാങ്ങിയ ഭൂമിയിൽ നിർമിച്ച ഫ്ലാറ്റിൽ 2017ലാണ് കുടുംബങ്ങൾ താമസം ആരംഭിച്ചത്. രണ്ടുവർഷം പിന്നിട്ടപ്പോൾത്തന്നെ ഫ്ലാറ്റുകളുടെ വിവിധ ഭാഗങ്ങളിൽ വിള്ളലുകൾ കണ്ടെത്തി. ചോർച്ച അനുഭവപ്പെട്ടതായും താമസക്കാർ പറയുന്നു. രണ്ടാഴ്ചയ്‌ക്കിടെ രണ്ടുതവണയാണ് സൺഷെയ്ഡ് വീണത്.
മുകൾനിലയിലെ ശുചിമുറികൾ ഉപയോഗിക്കുന്ന ഘട്ടത്തിൽ താഴെ താമസക്കാരുടെ അടുക്കളയിലടക്കം അഴുക്കുജലം എത്തുന്ന സ്ഥിതിയാണ്. സംസ്ഥാന സർക്കാർ, പഞ്ചായത്ത്, ഗുണഭോക്തൃവിഹിതം എന്നിവ ഉൾപ്പെടെ മൂന്നരലക്ഷം രൂപ ചെലവാക്കിയാണ് ഓരോ കുടുംബത്തിനും ഫ്ലാറ്റിൽ വീട് നിർമിച്ചുനൽകിയത്.
ഗുണഭോക്തൃവിഹിതമായി 25,000 രൂപയാണ് തീരുമാനിച്ചതെങ്കിലും അവരിൽനിന്ന് ഒന്നരലക്ഷം രൂപവരെ കൈപ്പറ്റിയതായി പരാതി ഉയർന്നിരുന്നു.അമ്പത്തിനാലു കുടുംബങ്ങൾക്കാണ് വീട് നൽകാൻ നിശ്ചയിച്ചിരുന്നതെങ്കിലും 21 എണ്ണമാണ് പൂർത്തിയായത്.
ആറുമാസത്തിനകം നിർമാണം പൂർത്തിയാകുമെന്നായിരുന്നു ഉറപ്പുനൽകിയതെങ്കിലും നിർമാണം മൂന്നുവർഷത്തോളം നീണ്ടു. നിർമാണ അപാകം പരിഹരിക്കാത്തതിനാൽ വിഹിതം തിരികെവാങ്ങി പല കുടുംബങ്ങളും ഒഴിവായി.
A #flat built under the '#Saflyam' project in #Chotanikara #panchayat is under threat of #collapse