അരൂർ : (piravomnews.in) അരൂർ പെട്രോൾ പമ്പിൽ നിയന്ത്രണം വിട്ട കാർ ഇന്ധന ഡിസ്പെൻസിങ് യൂണിറ്റിലിടിച്ചുണ്ടായ അപകടത്തിൽ പമ്പ് ജീവനക്കാരായ രണ്ടുപേർക്കും കാർ ഡ്രൈവർക്കും പരിക്ക്.
പെട്രോൾ പമ്പ് ജീവനക്കാരനായ നേപ്പാൾ സ്വദേശി ദുർഗ (44) യുടെ പരിക്ക് ഗുരുതരമാണ്. ഇയാൾക്ക് അടിയന്തര ശസ്ത്രക്രിയ നിർദേശിച്ചിട്ടുണ്ട്.

പമ്പിലെ മറ്റൊരു ജീവനക്കാരി പൂച്ചാക്കൽ സ്വദേശിനി നൈസി (42), വാഹനം ഓടിച്ചിരുന്ന ഡ്രൈവർ എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവർ. ഇരുവർക്കും തലയ്ക്കാണ് പരിക്ക്. മുന്നോട്ടുകുതിച്ച കാർ ഇന്ധന ഡിസ്പെൻസിങ് യൂണിറ്റും തകർത്താണ് നിന്നത്. ഇതിനോട് ചേർന്നു നിന്ന ജീവനക്കാരാണ് അപകടത്തിൽ പെട്ടത്.
ഞായറാഴ്ച വൈകീട്ട് നാലോടെ ഐഒസിയുടെ അരൂരിലെ പ്രഭ ഫ്യുവൽസിലായിരുന്നു അപകടം. ഇന്ധനം നിറയ്ക്കാനെത്തിയ കാറിൽ വൈദികനായിരുന്നു സഞ്ചരിച്ചിരുന്നത്. ഇദ്ദേഹം പമ്പിലെ ശൗചാലയത്തിലേക്കു പോയി.
ഈ സമയം ഇന്ധനം അടിച്ചുകഴിഞ്ഞതോടെ ഡ്രൈവർ വണ്ടി മുന്നോട്ടെടുത്ത് മാറ്റിയിടാൻ ശ്രമിക്കവേയാണ് നിയന്ത്രണം വിട്ടത്. അപകടം അറിഞ്ഞ് അരൂർ പോലീസ് സ്ഥലത്തെത്തി.
പരിക്കേറ്റ പമ്പ് ജീവനക്കാരെ ആംബുലൻസിൽ ലേക്ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ കാർ ഡ്രൈവറും വൈദികനും മറ്റൊരു കാറിൽ ചികിത്സയ്ക്കായി എറണാകുളത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കു പോയി.
Car loses control at petrol pump, hits fuel dispensing unit; three injured
