കോട്ടയം: (piravomnews.in) വഞ്ചനാ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനും നോട്ടീസ്.തലയോലപ്പറമ്പ് പൊലീസ് ആണ് നോട്ടീസ് അയച്ചത്.
ഇരുവരും അടുത്ത ദിവസങ്ങളിൽ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നാണ് റിപ്പോർട്ട്. നിർമാതാവും തലയലപ്പറമ്പ് സ്വദേശിയുമായ പി എസ് ഷംനാസ് നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

മഹാവീര്യർ എന്ന സിനിമയുടെ സാമ്പത്തിക പരാജയത്തെത്തുടർന്ന് പണം നൽകാമെന്നും ആക്ഷൻ ഹീറോ ബിജു 2 എന്ന സിനിമയിൽ നിർമാണ പങ്കാളിയാക്കാമെന്നും പറഞ്ഞ് വഞ്ചിച്ചുവെന്നാണ് കേസ്.നിവിൻ പോളി നായകനായ എബ്രിഡ് ഷൈൻ ചിത്രം മഹാവീര്യറിന്റെ സഹനിർമാതാവാണ് പരാതി നൽകിയത്.
സിനിമ സാമ്പത്തികമായി പരാജയപ്പെട്ടപ്പോൾ ഷംനാസിന് 95 ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞിരുന്നു. ആക്ഷൻ ഹീറോ ബിജു 2 സിനിമയിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് സിനിമാ ഷൂട്ടിംഗിനായി 1 കോടി 90 ലക്ഷം രൂപ ഷംനാസിൽ നിന്ന് ഇരുവരും വാങ്ങുകയും ചെയ്തു. എന്നാൽ ഇന്ത്യൻ മൂവി മേക്കേഴ്സിന്റെ ബാനറിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സിനിമയാണെന്നു മറച്ചുവച്ച് നിവിന്റെ പോളി ജൂനിയേഴ്സ് ബാനറിൽ സിനിമയുടെ ഓവർസീസ് അവകാശം നേടി.
2024 ഏപ്രിൽ മാസത്തിലാണ് സിനിമ നിർമാണത്തിനായി ഷംനാസിൽ നിന്നും ഇവർ പണം വാങ്ങുന്നത്. സിനിമയുടെ ബഡ്ജറ്റ് സംബന്ധിച്ച് ഇരുകൂട്ടരും തമ്മിൽ ഉണ്ടായ തർക്കത്തെ തുടർന്ന് മറ്റൊരു കമ്പനിക്ക് സിനിമയുടെ വിതരണ അവകാശം കൈമാറിയെന്നുമാണ് പരാതി. സിനിമയുടെ റൈറ്റ് ഉണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് പോളി ജൂനിയേഴ്സ് 5 കോടിയുടെ ഓവർസീസ് വിതരണാവകാശം ഉറപ്പിച്ചു.
രണ്ട് കോടി മുൻകൂറായി കൈപ്പറ്റുകയും ചെയ്തു എന്നും പരാതിയിൽ പറയുന്നു.എന്നാൽ നിലവിലുള്ള മധ്യസ്ഥ നടപടികൾ മറച്ചുവെച്ചും വസ്തുതകൾ വളച്ചൊടിച്ചുമാണ് കേസെന്നും നിയമ നടപടി സ്വീകരിക്കുമെന്നും നിവിൻ പോളി പ്രതികരിച്ചു.
കോടതിയുടെ പരിഗണനയിലുള്ള ആർബിട്രേഷൻ കേസാണിത്. കോടതിയുടെ നിർദ്ദേശങ്ങൾ പാലിക്കാതെ വസ്തുതകൾ കൃത്രിമമായി സൃഷ്ടിച്ചാണ് പുതിയ കേസ് നൽകിയിരിക്കുന്നത്. ഉചിതമായ നിയമനടപടികൾ തുടരുമെന്നും സത്യം വിജയിക്കുമെന്നുമാണ് നിവിൻ ഫേസ്ബുക്കിൽ കുറിച്ചത്.
Fraud case: Notice issued to Nivin Pauly and Abrid Shine
