മലപ്പുറം : (piravomnews.in) കൂട്ടുകാരുമൊത്ത് ഐനിച്ചിറ നൂറടിത്തോട്ടിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട കൂട്ടായി മംഗലം കോതപറമ്പ് മാഞ്ഞാമ്പ്രത്ത് മുഹമ്മദ് ഖൈസി (39) ന്റെ മൃതദേഹം കണ്ടെത്തി.
മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ തിങ്കളാഴ്ച പുലർച്ചെ 1:30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരം കുട്ടായിൽനിന്ന് കൂട്ടുകാരുമായി കരിങ്കല്ലത്താണി - നടുവട്ടം റോഡിൽ കാരക്കാട് അയിലക്കാട് ഐനിച്ചിറ നൂറടിത്തോട്ടിൽ കുളിക്കാൻ വന്നതായിരുന്നു.

മൂന്നുപേർ ചേർന്നു തോടിന്റെ മറുകരയിലേക്ക് നീന്തുന്നതിനിടെ മുഹമ്മദ് ഖൈസ് ഒഴുക്കിൽ പെടുകയായിരുന്നു. ശക്തമായ അടിയൊഴുക്കും ചുഴിയും ഉണ്ടായിരുന്നതായി പ്രദേശ വാസികൾ പറയുന്നു.
തുടർന്ന് പൊന്നാനിയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും ചേർന്ന് ഞായറാഴ്ച വൈകുന്നേരം ആറു മണിയോടെ തിരച്ചിൽ തുടങ്ങിയതായിരുന്നു. തിങ്കളാഴ്ചപുലർച്ചെ 12:30 ആയിട്ടും കണ്ടെത്താനാവത്തതിനാൽ അഗ്നിരക്ഷാസേന തിരച്ചിൽ അവസാനിപ്പിച്ചു മടങ്ങിയിരുന്നു.
എന്നാൽ കൂട്ടായിൽ നിന്നെത്തിയവരും കാരക്കാട്, അയിലക്കാട് തുടങ്ങിയ പ്രാദേശികമായുള്ള ഉൾനാടൻ മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്നു തിരച്ചിൽ തുടരുന്നതിനിടെയാണ് പുലർച്ചെ 1:30 ഓടെ മൃതദേഹം കണ്ടെത്തിയത്.
നൂറടിത്തോട്ടിൽ തിരച്ചിൽ തുടർന്ന അയിലക്കാട് സ്വദേശിയും ഉൾനാടൻ മത്സ്യത്തൊഴിലാളിയുമായ ഫൈസലാണ് മൃതദേഹം കണ്ടെത്തിയത്. മുഹമ്മദ് ഖൈസും കൂട്ടുകാരും കുളിച്ച സ്ഥലത്തിന് അടുത്തുനിന്നാണ് കണ്ടെത്തിയത്. മൃതദേഹം ചങ്ങരംകുളം സ്വകാര്യ ആശുപത്രിയിൽ മോർച്ചറിലേക്ക് മാറ്റിയിട്ടുണ്ട്.
Body of young man found after being swept away while swimming with friends
