വൈപ്പിൻ : (piravomnews.in) സംസ്‌ഥാന പാതയിലെ പാലങ്ങളുടെ പ്രതലത്തിൽ വിള്ളലുകൾ വർധിക്കുന്നു.ഭാര വാഹനങ്ങളുടെ എണ്ണം പെരുക്കിയതോടെയാണ് വിള്ളലുകളുടെ വർദ്ധനവെന്ന് ആക്ഷേപം.
ഇതിനൊപ്പം മഴയും ശക്തമായതിനാൽ വിള്ളലുകളുടെ ഉള്ളിലേക്ക് വെള്ളമിറങ്ങി ബലക്ഷയത്തിന് കാരണമാകുമോയെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.ഇടക്കാലത്ത് പുനർ നിർമിച്ച പാലങ്ങളിലാണ് പ്രശ്‌നമുള്ളത് എന്ന് കണ്ടെത്തിയിരിക്കുന്നത്.

പാലങ്ങൾ തുറന്നു കൊടുത്തതിനു ശേഷം പല തവണ റോഡ് ടാറിങ് നടന്നെങ്കിലും പാലത്തിന്റെ കോൺക്രീറ്റ് പ്ലാറ്റ്ഫോം മാത്രം ടാർ ചെയ്യാതെ വിടുകയായിരുന്നു. വർഷങ്ങൾ കഴിഞ്ഞതോടെ ശക്‌തമായ വെയിലിൽ വിള്ളലുകൾ കണ്ടുതുടങ്ങി.വാഹന സഞ്ചാരം കുടിയതോടെ വിള്ളൽ വർധിക്കുകയും ചെയ്‌തു.
തുടക്കത്തിൽ നാട്ടുകാർ പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. ചില സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തെ തുടർന്ന് ചില പാലങ്ങളിൽ പ്രത്യേകതരം മിശ്രിതം ഉപയോഗിച്ച് വിള്ളലുകൾ അടച്ചു. എന്നാൽ വൈകാതെ ഇവിടെയും കാര്യങ്ങൾ പഴയപടിയായി.
പാലത്തിൻ്റെ പ്രതലം ടാർ ചെയ്യുന്നത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിലെ റോഡ്, പാലം വിഭാഗങ്ങൾ തമ്മിലുള്ള തർക്കമാണ് കാരണമെന്നാണ് സൂചന.ഇടക്കാലത്ത് കണ്ടെയ്‌നർ ലോറികളുടെ സഞ്ചാരം വർധിച്ചതോടെ വിള്ളലുകളും വലുതായി.
ദേശീയപാതയുടെ നിർമാണത്തിനായി മണൽ കൊണ്ടുപോകുന്ന ഒട്ടേറെ ലോറികളും ഇതുവഴി കടന്നു പോകുന്നുണ്ട്. ലോഡുമായി പോകുമ്പോൾ പാലത്തിൽ പോലും വേഗം കുറയ്ക്കാതെയാണ് ഇത്തരം വാഹനങ്ങൾ കടന്നു പോകുന്നത്. ഇതോടെ വിള്ളലുകൾ വർധിച്ചിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.
Cracks on the surface of bridges; allegations that the increase in cracks is due to the increase in the number of heavy vehicles
