---
title: "സർക്കാർഭൂമി കൈയേറി പാറഖനനം നടത്തി ; പാറമടയിൽ കെട്ടിനിൽക്കുന്ന വെള്ളം അപകടഭീഷണിയാകുന്നു"
english_title: "Government land encroached upon and rock quarried; water stagnating in the rock pit poses a danger"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/304522/government-land-encroached-upon-and-rock-quarried-water-stagnating-in-the-rock-pit-poses-a-danger"
published_at: "2025-07-25T11:37:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68831f62dbbce_para.jpg"
keywords: []
---

# സർക്കാർഭൂമി കൈയേറി പാറഖനനം നടത്തി ; പാറമടയിൽ കെട്ടിനിൽക്കുന്ന വെള്ളം അപകടഭീഷണിയാകുന്നു

> **Lead Summary:** കവളങ്ങാട് : വാരപ്പെട്ടി പഞ്ചായത്തിലെ കക്കാട്ടൂർ പാറത്താഴത്ത് അനധികൃത പാറമടയിൽ കെട്ടിനിൽക്കുന്ന വെള്ളം അപകടഭീഷണിയാകുന്നു.

## Article Content

കവളങ്ങാട് : വാരപ്പെട്ടി പഞ്ചായത്തിലെ കക്കാട്ടൂർ പാറത്താഴത്ത് അനധികൃത പാറമടയിൽ കെട്ടിനിൽക്കുന്ന വെള്ളം അപകടഭീഷണിയാകുന്നു.

സർക്കാർഭൂമി കൈയേറി വ്യക്തി ഇവിടെ പാറഖനനം നടത്തിയിരുന്നു. ഇതോടെ രൂപപ്പെട്ട കുഴിയിലാണ് മഴ കനത്തതോടെ വെള്ളം നിറഞ്ഞത്. ഈ ഭൂമി പിന്നീട് സർക്കാർ ഏറ്റെടുത്ത് ബോർഡ് സ്ഥാപിച്ചിരുന്നു.നിരവധി സ്കൂൾ ബസുകളും മറ്റ്‌ വാഹനങ്ങളും കടന്നുപോകുന്ന മൈലൂർ–കാലാമ്പൂർ റോഡിനോട് ചേർന്നാണ് പാറക്കുഴി സ്ഥിതി ചെയ്യുന്നത്.

വെള്ളം അപകടകരമായി ഉയരാതിരിക്കാൻ വർഷങ്ങൾക്കുമുമ്പ് പഞ്ചായത്ത് റോഡിൽനിന്ന് ഏകദേശം ഇരുപത്തഞ്ചടി താഴെ തുരങ്കംതീർത്ത് വെള്ളം ഒഴുക്കി. എന്നാൽ, ആ തുരങ്കം സാമൂഹ്യവിരുദ്ധർ കോൺക്രീറ്റിട്ട്‌ അടച്ചു.

എത്രയുംവേഗം പരിഹാരം കണ്ടില്ലെങ്കിൽ വൻ അപകടത്തിന് കാരണമായേക്കാമെന്നു കാണിച്ച്‌ വാരപ്പെട്ടി പഞ്ചായത്തിൽ പ്രദേശവാസികൾ പരാതി നൽകിയിട്ടുണ്ട്. സമീപവാസിയുടെ മീൻകൃഷിക്കും വെള്ളക്കെട്ട് ഭീഷണിയാണ്‌. കലക്ടർക്ക് പരാതി അയച്ചുവെന്ന്‌ പഞ്ചായത്ത് അധികൃതർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/304522/government-land-encroached-upon-and-rock-quarried-water-stagnating-in-the-rock-pit-poses-a-danger)