അങ്കമാലി : (piravomnews.in) കറുകുറ്റി കാരമറ്റം പ്രദേശം പുലിപ്പേടിയിൽ. മള്ളൂർക്കാട് ക്ഷേത്രത്തിനുസമീപത്തെ കുന്നിലാണ് നാട്ടുകാർ പുലിയെ കണ്ടത്.
കാരമറ്റം സ്വദേശി പ്രവീണിന്റെ ആടിനെ പുലി പിടിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് പുലിയെ കണ്ടെത്തിയത്. മനുഷ്യസാന്നിധ്യം അറിഞ്ഞ പുലി കാട്ടിലേക്ക് ഓടിമറഞ്ഞു.

ചൊവ്വ വൈകിട്ട് നാലിനാണ് സംഭവം.കുന്നിൽ മേയുകയായിരുന്ന ആടുകളുടെ ബഹളം കേട്ട് പ്രവീണിന്റെ അച്ഛൻ ചെന്നുനോക്കിയപ്പോഴാണ് ഒരെണ്ണം കുറഞ്ഞതായി കണ്ടത്. ഉടനെ പ്രവീണിനെ വിവരം അറിയിച്ചു. പഞ്ചായത്ത് അംഗങ്ങളായ ജോണി മൈപ്പാൻ, മേരി ആന്റണി, രനിത ഷാബു എന്നിവർ വനപാലകരെ വിളിച്ചുവരുത്തി. നാട്ടുകാരും ഓടിക്കൂടി.
ചോരപ്പാടുകൾ പിന്തുടർന്നുള്ള പരിശോധനയിൽ ഏറെ അകലെയുള്ള കുറ്റിക്കാട്ടിൽ ആടിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. പുലിയുടെ കാൽപ്പാടുകളും കണ്ടു. കുന്നിന്റെ മറ്റൊരു വശത്ത് പുലി കിടക്കുന്നതും കണ്ടെത്തി. കാരമറ്റം ഭാഗത്ത് പ്രവർത്തിക്കാതെ കിടക്കുന്ന പാറമടയും ക്രഷറുമുണ്ട്. ഏക്കർകണക്കിനു ഭൂമിയാണ് കാടുമൂടിക്കിടക്കുന്നത്.
കുറുനരി, കാട്ടുപന്നി തുടങ്ങിയവയുടെ ശല്യം കാരണം കൃഷി ചെയ്യാൻ സാധിക്കാത്ത അവസ്ഥയുണ്ടെന്ന് നാട്ടുകാർ പറയുന്നു. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനാൽ വനപാലകരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ യോഗം ചേർന്നു. പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Karamattom area in a state of panic; Goat killed
